ദോഹയിലേക്ക് വിമാന നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒമാന്‍

മസ്‌കറ്റ്: ഒമാന്‍ എയര്‍ മസ്‌കറ്റ്-ദോഹ റൂട്ടില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് അധികൃതര്‍. യാത്രാക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിച്ചതായി നടക്കുന്ന പ്രചരണം തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലാണ് ഒമാന്‍ എയര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച വാര്‍ത്ത പരന്നത്. ഇതോടെയാണ് അധികൃതര്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഖത്തറുമായി മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമയാനബന്ധം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഒമാന്‍ എയറിന്റെ സര്‍വീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. ഇതിനായി മസ്‌കറ്റ് -ദോഹ റൂട്ടില്‍ പുതിയ സര്‍വീസ് അടക്കം നിത്യവും നാലുസര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും.