ദോഹ വക്‌റയില്‍ മരപ്പണിശാലയില്‍ വന്‍ തീപിടുത്തം;മലയാളിയുടെതുള്‍പ്പെടെ കടകള്‍ കത്തിനശിച്ചു

fireദോഹ: വക്‌റയില്‍ മരപ്പണിശാലയില്‍ ഇന്നലെ രാവിലെ വന്‍തീപിടുത്തം. കനത്ത പുകയും തീയും ആകാശത്തേക്കുയര്‍ന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗങ്ങളും സംഭവ സ്ഥലത്തെത്തി തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതലെടുത്തു. രാവിലെ 10 മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആളപയമുണ്ടായതായി റിപ്പോര്‍ട്ടില്ല. സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗങ്ങളും തീയണക്കാന്‍ കഠിന പരിശ്രമമാണ് നടത്തിയത്. അല്‍ മുഫ്ത ഗ്രൂപ്പിന്റെ കാര്‍പന്ററി ഡിവിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഇവരുടെ തന്നെ ലേബര്‍ ക്യാപും തലശ്ശേരി സ്വദേശി ഉമ്മറിന്റെ കടയും പൂര്‍ണമായും കത്തിനശിച്ചു. ലേബര്‍ ക്യാംപില്‍ നൂറോളം തൊഴിലാളികളാണ് താമസിച്ചിരുന്നത്. അപകട സമയത്ത്് ഏതാനും പേര്‍ കെട്ടിടത്തിലുണ്ടായിരുന്നതായും എന്നാല്‍ എല്ലാവരും പുറത്തേക്ക്് ഓടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു മണിക്കൂറോളം തീ ആളിക്കത്തുകയായിരുന്നു.