ദോഹ അഗ്നി സുരക്ഷാ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

dohaദോഹ: സുപ്രിം കൗണ്‍സില്‍ ഫോര്‍ സിവില്‍ ഡിഫന്‍സ് രൂപീകരിക്കുന്നത് ഉള്‍പ്പടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കരട് അഗ്നി സുരക്ഷാ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം.
തീപിടുത്തത്തെ പ്രതിരോധിക്കുന്നതിനും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുമുള്ള കര്‍ശന വ്യവസ്ഥകള്‍ കരട് നിയമത്തിലുണ്ട്. സിവില്‍ ഡിഫന്‍സിന്റെ അടിസ്ഥാന തത്വങ്ങള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുക, സ്വകാര്യ കമ്പനികള്‍ക്ക് സിവില്‍ ഡിഫന്‍സ് പരീശീലന കേന്ദ്രം  സ്ഥാപിക്കാന്‍ അനുമതി നല്‍കുക, ദുരന്തമുണ്ടാവുമ്പോള്‍ ദേശീയ അടിയന്തരവാസ്ഥ പ്രഖ്യാപിക്കുന്നതിന് ചുമതലയുള്ള സമിതിക്ക് രൂപം നല്‍കുക തുടങ്ങിയ വ്യവസ്ഥകളും കരട് നിയമത്തിലുണ്ട്. നിയമം ഇപ്പോള്‍ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലാണ്. സിവില്‍ ഡിഫിന്‍സ് പരീശീലനം നേരത്തേ സര്‍ക്കാര്‍ മേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലായിരുന്നു പൂര്‍ണമായും സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും നടന്നിരുന്നത്. പുതിയ നിയമം നടപ്പാകുന്നതോടെ സ്വകാര്യ കമ്പനികളിലും സിവില്‍ ഡിഫന്‍സ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെടും. നൂറു ശതമാനം ഖത്തരി ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്കു മാത്രമാണ് സിവില്‍ ഡിഫന്‍സ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുക. മൂന്നു വര്‍ഷത്തേക്കാണ് ഇത്തരം സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ഖത്തരി ഉടമസ്ഥതയിലല്ലാത്ത കമ്പനികള്‍ക്ക് സെന്റര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കില്ല. രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളുടെയും തീപിടുത്തങ്ങളുടെയും പശ്ചാത്തലത്തിലാണ് കര്‍ശന വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി പുതിയ നിയമം കൊണ്ടുവരുന്നത്. 2012ല്‍ വില്ലാജിയോ മാളിലുണ്ടായ തീപ്പിടുത്ത ദുരന്തത്തെ തുടര്‍ന്ന് രാജ്യത്തെ അഗ്നി സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കിയിരുന്നു. 2012 മെയ് 28നുണ്ടായ വില്ലാജിയോ മാള്‍ അഗ്നിബാധയില്‍ കുട്ടികളടക്കം പത്തൊന്‍പത് പേരാണ് മരിച്ചത്.
ദുരന്തത്തെ തുടര്‍ന്ന് മുഴുവന്‍ സ്ഥാപനങ്ങളിലും അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സിവില്‍സ് ഡിഫന്‍സ് നിര്‍ദേശം നല്‍കിയിരുന്നു. അതിനുശേഷവും ചെറുതും വലുതുമായ നിരവധി തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തെ അഗ്നിസുരക്ഷാ നടപടികള്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യവും പുതിയ നിയമഭേദഗതിക്ക് പിന്നിലുണ്ട്. പുതിയ നിയമപ്രകാരം സുപ്രിം കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് എന്ന പേരിലായിരിക്കും ഉന്നതാധികാര സമിതിക്ക് രൂപം നല്‍കുക. അഗ്നിബാധ നേരിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ദേശീയ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനുമുള്ള പൊതു നയം രൂപീകരിക്കുക ഈ സമിതിയായിരിക്കും.
ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച കരട് തീരുമാനത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കി. എല്ലാ എന്‍ജിനീയറിംഗ്, ബില്‍ഡിംഗ് ഡിസൈനുകള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ അനുമതി വേണമെന്ന നിയമത്തിനും ക്യാബിനറ്റ്  അംഗീകാരം നല്‍കി. ആവശ്യമായ അഗ്നി സുരക്ഷാ സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അംഗീകാരം നല്‍കു.
ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുള്ള സിവില്‍ ഡിഫന്‍സ് ഉപകരണങ്ങളുടെയും വസ്തുക്കളുടെയും പട്ടികയും മന്ത്രിസഭ അംഗീകരിച്ചു. ഇത്തരം വസ്തുക്കള്‍ ഡയറക്ടറേറ്റിന്റെ അനുമതി കൂടാതെ പ്രാദേശിക വിപണിയില്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്.