ദോഹയുടെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തം

doha-fire-qatarദോഹ: കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നിടങ്ങളില്‍ തീപിടുത്തം. ആളപമായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
മുശൈഇരിബ്, മീസൈമീര്‍, സല്‍വാ റോഡ് എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. ശാരെ അസ്മഖില്‍ അറബ് റൗണ്ട് എബൗട്ടിനു സമീപത്തെ മൂന്നു നില കെട്ടിടത്തില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമുണ്ടായ തീപിടുത്തത്തില്‍ വന്‍നാശനഷ്ടങ്ങളുണ്ടായി. അല്‍ അസ്മഖ് ഇന്റര്‍സെക്ഷന്‍, വാദി മുശൈരിബ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ പ്രവര്‍ത്തനത്തെ തീപിടുത്തം സാരമായി ബാധിച്ചു. തിരക്കേറിയ ഇവിടെ റോഡ് കുറേനേരത്തേക്ക് അടച്ചിടേണ്ടിവന്നു. അല്‍ഫസ്അ പൊലീസ് ഗതാഗതനിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനാ പ്രവര്‍ത്തകരുടെ കഠിനപരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ആര്‍ക്കെങ്കിലും പരുക്കേറ്റതായോ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ആരെങ്കിലും താമസിച്ചിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ഇവിടെ സമീപകെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെ നഗരവികസനത്തിന്റെ ഭാഗമായി അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. വൈദ്യുതി തകരാറുകള്‍ മൂലമാണ് തീപിടുത്തമുണ്ടായതെന്ന് ഈ പ്രദേശത്ത് താമസിക്കുന്ന ഒരാള്‍ പറഞ്ഞതായി പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. സല്‍വാ റോഡില്‍ മിഡ്മാക് റൗണ്ട് എബൗട്ടിനു സമീപത്തായും ഇന്നലെ തീപിടുത്തമുണ്ടായി. അതേസമയം ഞായറാഴ്ച ദക്ഷിണ ദോഹയില്‍ റിലീജിയസ് കോംപ്ലക്‌സിനും ബര്‍വ സിറ്റിക്കും സമീപത്തായും തീപിടുത്തമുണ്ടായി.