ദോഹയില്‍ എഫ് റിങ് റോഡില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

ദോഹ: എഫ് റിങ് റോഡില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എഫ് റിങ് റോഡിനെയും അല്‍ വഖ്‌റ ബൈപ്പാസിനെയും (ദോഹ എക്‌സ്പ്രസ് ഹൈവേ)ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗാതാഗതനിയന്ത്രണം 2018 വരെ തുടരും. എഫ് റിങ് റോഡിലൂടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ 1850 മീറ്റര്‍ നീളുന്ന മൂന്നുവരി സമാന്തരപാതയായിരിക്കണം ഉപയോഗിക്കേണ്ടത്.

റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ അനുസരിച്ച് വാഹനങ്ങള്‍ ഓടിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ വേഗപരിധി 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.