ദോഹയില്‍ പുതിയ തൊഴില്‍ നിയമപ്രകാരം എക്‌സിറ്റ് അനുവദിച്ചത് 1,84,338 പേര്‍ക്ക്

ദോഹ: രാജ്യത്ത് നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമപ്രകാരം ആദ്യത്തെ രണ്ട് മാസത്തിനുള്ളില്‍ അനുവദിച്ചത് 1,84,338 എക്‌സിറ്റ് പെര്‍മിറ്റുകള്‍. വാര്‍ഷികാവധിക്കും മറ്റ് കാരണങ്ങളാലും 1,09,804 പ്രവാസികള്‍ക്കാണ് എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചത്. 2016 ഡിസംബര്‍ 13 മുതല്‍ 2017 ഫെബ്രുവരി 15 വരെ അനുവദിച്ചതാണ് ഇത്.

ഇതേ കാലയളവില്‍ 74,049 പ്രവാസികള്‍ തൊഴിലുടമയെ അറിയിച്ച ശേഷം സ്ഥിരമായി നാട്ടിലേക്കു മടങ്ങി. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രി ഡോ. ഇസ്സ ബിന്‍സാദ് അല്‍ ജാഫലിയാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഡിസംബര്‍ 13-ന് പ്രാബല്യത്തില്‍വന്ന പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ വിജയകരമായി നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി. ആദ്യ രണ്ട് മാസത്തിനുള്ളില്‍ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിക്ക് 761 പരാതികളാണ് ലഭിച്ചത്.

485 കേസുകളില്‍ 72 മണിക്കൂറിനുള്ളില്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചു. 63 എണ്ണം പരിഗണനയിലാണ്. 213 കേസുകളില്‍ എക്‌സിറ്റ് പെര്‍മിറ്റ് നിരാകരിച്ചതിന്റെ കാരണം വ്യക്തമാക്കിയുള്ള എസ്.എം.എസ്. തൊഴിലാളികള്‍ക്ക് അയച്ചിട്ടുണ്ട്.

പുതിയ തൊഴില്‍ നിയമപ്രകാരം നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ 5196 പേര്‍ പുതിയ തൊഴിലിലേക്ക് മാറിയിട്ടുണ്ട്. പുതിയനിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം തൊഴില്‍മാറിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. തൊഴിലാളി കയറ്റുമതി രാജ്യങ്ങളിലെ തൊഴില്‍ ചൂഷണത്തിനെതിരേ കര്‍ശനനടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.