എക്‌സിറ്റ് പെര്‍മിറ്റ്;ഖത്തറില്‍ എഴുപത് ശതമാനം പരാതികളും പരിഹരിച്ചതായി ആഭ്യന്തരമന്ത്രാലയം

ദോഹ: രാജ്യത്ത് പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് പരാതികള്‍ പരിഹരിക്കുന്നതില്‍ എഴുപതു ശതമാനത്തോളം പരിഹരിച്ചതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യവകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലേംസഖര്‍ അല്‍ മെറെയ്ഖിയണ് ഇക്കാര്യം അറിയിച്ചത്.

എക്‌സിറ്റ് പെര്‍മിറ്റ് പരാതികള്‍ പരിഹരിക്കുന്നതിനുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സ് കമ്മിറ്റിയാണ് പരാതികള്‍ രമ്യമായി പരിഹരിച്ചത്. രാജ്യത്തേക്കുള്ള പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ചുള്ള പുതിയ കുടിയേറ്റ നിയമം പ്രാബല്യത്തിലായ 2016 ഡിസംബര്‍ 13 മുകല്‍ ജനുവരി 25 വരെ 498 പരാതികളാണ് കമ്മറ്റി സ്വീകരിച്ചത്.

തൊഴിലുടമകളുടെ സഹായത്തോടെ 296 പേര്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ അടിയന്തര അനുമതിനല്‍കി. 177 അപേക്ഷകള്‍ കോമ്പീറ്റന്റ് അതോറിറ്റിക്ക് കൈമാറി. ഇവയില്‍ 138 എണ്ണം തൊഴിലിടങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും 22 എണ്ണം മറ്റ് തൊഴിലുടമകള്‍ക്കുവേണ്ടി ജോലിചെയ്തുവെന്ന കേസുകളുമാണ്. ആറെണ്ണം തൊഴില്‍മന്ത്രാലയത്തിലെ വര്‍ക്ക് റിലേഷന്‍ വകുപ്പിനും പതിനൊന്നുകേസുകള്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റിക്കു കൈമാറി. യാത്രാ നിരോധനമുള്ളതും പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യമുള്ളതുമായ അഞ്ച് അപേക്ഷ നിരസിച്ചു.

പെട്ടന്നുള്ള സാഹചര്യത്തിലോ അവധിക്കോ രാജ്യത്തിന് പുറത്തുപോകാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് തൊഴിലുടമ നിഷേധിച്ചാല്‍ തൊഴിലാളിക്ക് കമ്മിറ്റിയെ സമീപിക്കാം. കമ്മറ്റിയുടെ പ്രവര്‍ത്തനം സുതാര്യമാണെന്നും എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കുന്ന വ്യക്തികളുടെ ഇടപെടലാണ് ഭൂരിഭാഗം അപേക്ഷകര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
കമ്മിറ്റിയെ സമീപിക്കാനുള്ള കാരണം വിശദമാക്കി ആവശ്യമായ തെളിവുകളും തൊഴിലാളി ഹാജരാക്കണം. കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷകളില്‍ മൂന്ന് പ്രവൃത്തിദിനത്തിനുള്ളില്‍ പരിഹാരം കാണും. കമ്മറ്റിയുടെ തീരുമാനത്തിനെതിരെ പതിനാല്മണിക്കൂറിനുള്ളില്‍ ഇരുവിഭാഗത്തിനും ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാവുന്നതാണ്.