ദോഹയില്‍ ഫരീജ്‌ അബ്ദുള്‍ അസീസില്‍ നാല്‌ ദിവസമായി മുടങ്ങിയ വൈദ്യുതി ബന്ധം പുന: സ്ഥാപിച്ചു

thumbദോഹ: നാല് ദിവസമായി വൈദ്യുതി മുടങ്ങിയ ഫരീജ് അബ്ദുല്‍ അസീസിലെ ആറ് കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. തകരാറായ വൈദ്യുതി പാനല്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ മാറ്റി സ്ഥാപിച്ചിരുന്നെങ്കിലും കഹറാമയുടെ അംഗീകാരം കിട്ടാന്‍ വൈകിയതിനാല്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. രാവിലെ കഹ്‌റാമ ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിച്ചെങ്കിലും വൈദ്യുത പാനല്‍ മുറിയില്‍ എ സി ഇല്ലാത്തതിനാല്‍ കണക്ഷന്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഉച്ചയോടെ എ സി സ്ഥാപിച്ച ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടത്.

ഇന്ത്യന്‍ കോഫി ഹൗസിന് പിറകിലുള്ള ആറ് കെട്ടിടങ്ങളില്‍ ഞായറാഴ്ച രാത്രിയോടെയാണ് പൂര്‍ണമായും വൈദ്യുതി മുടങ്ങിയത്. വൈദ്യുത പാനലിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന് കൊടും ചൂടില്‍ വലഞ്ഞ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് താമസക്കാര്‍ ദുരിതത്തിലായിരുന്നു. താമസക്കാരില്‍ ഭൂരിഭാഗവും വാഹനങ്ങളിലും തങ്ങളുടെ കടകളിലും ബന്ധുവീടുകളിലുമായാണ് മൂന്ന് ദിവസം കഴിച്ചൂകൂട്ടിയത്. വൈദ്യുതി വിഛേദിക്കപ്പെട്ടത് ചില കെട്ടിടങ്ങളില്‍ വെള്ളത്തിന്റെ ലഭ്യതയെയും ബാധിച്ചിരുന്നു.