Section

malabari-logo-mobile

ദോഹയില്‍ ഭൂമികുലുക്കം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം തയ്യാറായി.

HIGHLIGHTS : ദോഹ: ഭൂമികുലുക്കം ഉള്‍പ്പടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ തയ്യാറായി.

downloadദോഹ: ഭൂമികുലുക്കം ഉള്‍പ്പടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ തയ്യാറായി. ഇതിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ആറു സെസ്മിക് സെന്‍സറുകളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂമിക്കടിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ നടക്കുന്നു എന്നതു സംബന്ധിച്ച ഏകദേശധാരണ ലഭിക്കാനും ഈ സെന്‍സറുകള്‍ സഹായിക്കും.
ഭൂചലനങ്ങളും മറ്റു പ്രകൃതി പ്രതിഭാസങ്ങളും മനസ്സിലാക്കുന്നതിനും മുന്‍കൂട്ടി മനസ്സിലാക്കാനും ഖത്തറില്‍ അത്യാധുനിക സംവിധാനങ്ങളില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ സെസ്മിക് നെറ്റ്‌വര്‍ക്ക് പ്രൊജക്ട് എന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തീരുമാനിച്ചത്. ഖത്തറിലെ കാലാവസ്ഥാ വകുപ്പിന്റെ മേല്‍നോട്ടം സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കാണ്.
അബുഹമൂറിലെ കാലാവസ്ഥാ വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ സെസ്മിക് നെറ്റ്‌വര്‍ക്ക് പ്രൊജക്ടിന് ഔദ്യോഗിക തുടക്കമായി. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ആറു സെന്‍സറുകളില്‍ നിന്നും ലഭിക്കുന്ന വൈബ്രേഷനുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ എല്ലാ ദിവസവും വിശദമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കും. ഇതിലൂടെ ഭൂമിക്കടിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂചലനം ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങളില്‍നിന്നും വിലപ്പെട്ട മനുഷ്യ ജീവനുകളെ സംരക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗധന്‍ മുഹമ്മദ് ജാബിര്‍ അല്‍മാരി പറഞ്ഞു.
കൂടാതെ ഖത്തറില്‍ സംരക്ഷിക്കപ്പെടേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നതുമായ നിരവധി കെട്ടിടങ്ങളുണ്ട്. അവയുടെ സംരക്ഷണവും ഇതിലൂടെ ഉറപ്പാക്കാനാവുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ സെസ്മിക് നെറ്റ്‌വര്‍ക്ക് പദ്ധതി അടുത്തവര്‍ഷം കൂടുതല്‍ വിപുലീകരിക്കും. വെസ്റ്റ്‌ബേ, ദഫ്‌ന പ്രദേശത്ത് അടുത്തവര്‍ഷം 20ലധികം നിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അല്‍മാരി കൂട്ടിച്ചേര്‍ത്തു. സെന്‍സറുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അസ്വാഭാവികമായി എന്തെങ്കിലും അനുഭവപ്പെടുകയോ ഭൂമിക്കടിയില്‍ മാറ്റമുണ്ടാകുന്നതായി സൂചനകള്‍ ലഭിക്കുകയോ ചെയ്താലുടന്‍  സിവില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകളെടുക്കും. രാജ്യത്തിന്റെ ഏതു ഭാഗത്ത് ഭൂചലനങ്ങളുണ്ടായാലും വളരെ പെട്ടെന്നുതന്നെ മുന്നറിയിപ്പുകള്‍ നല്‍കാനും ജനങ്ങളെ കെട്ടിടങ്ങളില്‍ നിന്നും മാറ്റി സുരക്ഷിതമാക്കാനും കഴിയുമെന്നും അല്‍ മാരി വ്യക്തമാക്കി. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസ്സിലാക്കി ഡിസൈന്‍ നിര്‍ണയിക്കാനും ഈ സംവിധാനം സഹായകമാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!