ദോഹയില്‍ ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ക്കുള്ള ഏകീകൃത പാഠ്യപദ്ധതി നിലവില്‍ വരുന്നു

Story dated:Friday October 16th, 2015,11 25:am

93f86796-0962-4413-aa86-7a5c00a5c6dcദോഹ: ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കുള്ള ഏകീകൃത പാഠ്യപദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് ട്രാഫിക്ക് ജനറല്‍ ഡയറക്ടറേറ്റിലെ വെഹിക്കിള്‍ ലൈസന്‍സ് വിഭാഗം തലവന്‍ മേജര്‍ സലീം ഫഹദ് അല്‍ മര്‍റി പറഞ്ഞു. ഇപ്പോഴുള്ള പാഠ്യപദ്ധതികളുടെ കുഴപ്പങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള പുതിയ പാഠ്യപദ്ധതി വിദഗ്ധ സമതി ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാ ണ്.

ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് വിവരങ്ങള്‍ നല്കാന്‍ ട്രാഫിക്ക് വിഭാഗം ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പുതിയ പാഠ്യപദ്ധതിയുടെ വിവരങ്ങള്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഉടന്‍ തന്നെ ഈ സംഘം വിശദീകരിച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ഡ്രൈവിംഗ് പഠിക്കുന്നവര്‍ തങ്ങളുടെ രീതികളുമായി ബന്ധപ്പെട്ട് പലപ്പോഴും അബദ്ധങ്ങള്‍ വരുത്താറുണ്ട്. അത് പരിശീലനത്തിന്റെ കുഴപ്പമല്ല. ഈ കാര്യം കൂടി പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരിശീലകര്‍ക്ക് പുതിയ പാഠ്യപദ്ധതി വിശദീകരിച്ചു കൊടുക്കാന്‍ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളിലും പരിഭാഷകര്‍ ആവശ്യമായിട്ടുണ്ട്. പരിശീലനത്തിന്റെ നിലവാരം വര്‍ധിപ്പിക്കാനുള്ള കാര്യങ്ങളും പാഠ്യപദ്ധതിയില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് മാഗസിന്‍ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്.

പാഠ്യപദ്ധതി ഏകീകരിക്കപ്പെടുന്നതോടെ തിയറി ഭാഗം തീര്‍ത്തും വ്യക്താമാകാതെ പരിശീലകര്‍ക്ക് റോഡിലിറങ്ങാന്‍ അനുമതി ലഭിക്കുകയില്ല. പുതിയ പാഠ്യപദ്ധതിയില്‍ വാഹനത്തിന്റെ പ്രധാന ഭാഗങ്ങളെ കുറിച്ചും ഡ്രൈവിംഗ് പഠിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വാഹനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന കാര്യത്തിലും പുതിയ പാഠ്യപദ്ധതി ശ്രദ്ധചെലുത്തുന്നുണ്ട്.