ഖത്തറില്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ ഫീസ്‌ ഉയര്‍ത്തി

Untitled-1 copyദോഹ: ഖത്തറില്‍ ഡ്രൈംവിംഗ്‌ സ്‌കൂള്‍ ഫീസ്‌ വര്‍ദ്ധിപ്പിച്ചു. ഇന്ധനവിലയും താമസ വാടകയും വര്‍ദ്ധിച്ച സാഹചര്യത്തിലാണ്‌ അമിത ഫീസ്‌ ഈടാക്കുന്നതെന്നാണ്‌ ഡ്രൈവിംഗ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌. ഡ്രൈവിംഗ്‌ സ്‌കൂളുകളിലെ ഫീസ്‌ രണ്ട്‌ വര്‍ഷമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന വര്‍ദ്ധന ലൈസന്‍സ്‌ കരസ്ഥമാക്കി ജോലിയില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌. മികച്ച തൊഴിലവസരങ്ങള്‍ക്ക്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ അത്യാവശ്യമാണെന്നിരിക്കെ ഈ രംഗത്ത്‌ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ്‌ തൊഴിലന്വേഷകരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്‌.

നിലവില്‍ ഏതെങ്കിലും ജിസിസി രാജ്യങ്ങളില ലൈസന്‍സുള്ളവര്‍ക്ക്‌ ചെറിയ നടപടിക്രമങ്ങള്‍ക്കു ശേഷം ലൈസന്‍സ്‌ അനുവദിക്കുന്ന രീതിയും ഈയിടെ റദ്ദാക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ ലൈസന്‍സ്‌ ഉണ്ടായിരുന്നവര്‍ക്ക്‌ നേരത്തെ അനുവദിച്ചിരുന്ന ഇളവുകളും ഇപ്പോള്‍ നിലവിലില്ല. അതുകൊണ്ടു തന്നെ അംഗീകൃത സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസുകളും പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ മാത്രമേ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നേടാന്‍ അര്‍ഹത ഉണ്ടാവൂ.

അതേസമയം, ഇന്ധന വിലയിലുണ്ടായ വര്‍ധനവും, തൊഴിലാളികളുടെ താമസ,വാടക, സ്‌പെയര്‍ പാട്‌സുകളുടെ വിലവര്‍ധനവ്‌ എന്നിവയാണ്‌ നിരക്ക്‌ വര്‍ധനവിനുള്ള കാരണമായി സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഓട്ടോമാറ്റിക്‌ വാഹനങ്ങള്‍ക്ക്‌ നേരത്തെ ഈടാക്കിയിരുന്ന 2400 റിയാലിന്‌ പകരം 3400 മുതല്‍ 4000 റിയാല്‍ വരെയാണ്‌ പല സ്‌കൂളുകളും ഇപ്പോള്‍ ഫീസിനത്തില്‍ വാങ്ങുന്നത്‌. ചില ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ അതി വേഗ പഠന കോഴ്‌സുകള്‍ക്കായി 5000 റിയാല്‍ വരെ ഫീസ്‌ ഈടാക്കുന്നുണ്ട്‌. പലര്‍ക്കും രണ്ടില്‍ കൂടുതല്‍ തവണ ശ്രമിച്ചാല്‍ മാത്രമേ ലൈസന്‍സ്‌ തരപ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ ശരാശരി പതിനായിരം റിയാലെങ്കിലും ഈയിനത്തില്‍ ചിലവാക്കിയാല്‍ മാത്രമേ ഖത്തറില്‍ വളയം പിടിക്കാനുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാകു.