ദോഹയില്‍ നിയമനം നിരസിച്ച പ്രവാസി ഡോക്ടര്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരം

ദോഹ: തൊഴില്‍ക്കരാര്‍ തയ്യാറാക്കിയ ശേഷം നിയമനം നിരസിച്ച പ്രവാസി ഡോക്ടര്‍ക്ക് മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരം. സുപ്രീംകോടതിയാണ് സ്വകാര്യ മെഡിക്കല്‍ സെന്ററിനോട് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. മൂന്ന് ലക്ഷം റിയാല്‍ നഷ്ടപരിഹാരത്തിന് പുറമെ ഡോക്ടര്‍ക്ക് കേസ് നടത്താന്‍വേണ്ടി വന്ന ചിലവും യാത്രാടിക്കറ്റ് തുകയും നല്‍കാനും കോടതി ഉത്തരവിട്ടു.

സ്വകാര്യ മെഡിക്കല്‍ സെന്ററുമായി തൊഴില്‍ക്കരാര്‍ ഒപ്പുവെച്ചതിനുശേഷം ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുള്ള അനുമതിക്കും ഡെര്‍മെറ്റോളജിസ്റ്റിനുള്ള ലൈസന്‍സ് നേടാനുള്ള നടപടികളും ഡോക്ടര്‍ ആരംഭിച്ചിരുന്നു.എന്നാല്‍, സ്‌പെഷ്യലിസ്റ്റെന്ന ലൈസന്‍സ് നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ സെന്റര്‍ ഡോക്ടറുടെ നിയമനം നിരസിച്ചു.

എന്നാല്‍, ഡോക്ടറുടെ ഭാഗത്ത് ഒരുതരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് കോടതിക്ക് ബോധ്യമാവുകയും കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാന്‍ മെഡിക്കല്‍ സെന്ററിനോട് ഉത്തരവിടുകയുമായിരുന്നു.