ചെലവു ചുരുക്കല്‍;ഖത്തറില്‍ ആരോഗ്യ മേഖലയില്‍ കൂട്ടപിരിച്ചുവിടല്‍

Untitled-1റിയാദ്‌: ഖത്തറില്‍ സാമ്പത്തിക മേഖലയിലെ ചെലവു ചുരുക്കലിന്റെ ഭാഗമായി ആരോഗ്യ മേഖലയില്‍ കൂട്ടപിരിച്ചുവിടല്‍. എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വിലയിടിവിനെ തുടര്‍ന്നു സര്‍ക്കാര്‍ മേഖലയിലെ ചെലവു ചുരുക്കലിന്റെ ഭാഗമായാണ്‌ ഈ നടപടി. കഴിഞ്ഞദിവസമാണ്‌ ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്‌ കീഴിലുള്ള ആശുപത്രികളിലെ പല ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ്‌ ലഭിച്ചത്‌.

ആദ്യഘട്ടില്‍ വിരമിക്കല്‍ പ്രായം കഴിഞ്ഞും ജോലിയില്‍ തുടരുന്ന സ്റ്റാഫ്‌ നഴ്‌സുമാരെയായിരിക്കും പിരിച്ചുവിടുകയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌ എന്നാല്‍ നാല്‍പതു വയസ്സിനു താഴെ പ്രായമുള്ള നേഴ്‌സുമാര്‍ക്കുള്‍പ്പെടെ കഴിഞ്ഞ ദിവസം നോട്ടീസ്‌ ലഭിച്ചിരുന്നു. സ്‌റ്റാഫ്‌ നേഴ്‌സ്‌, കേസ്‌ മാനേജര്‍, ചാര്‍ജ്‌ നേഴ്‌സ്‌, നേഴ്‌സിംഗ്‌ സൂപ്പര്‍വൈസര്‍ തസ്‌തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. ഖത്തറിലെ ഇവരുടെ മറ്റ്‌ ഇടപാടുകള്‍ തീര്‍ക്കാനായി ഇവര്‍ക്ക്‌ രണ്ടുമാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ അടുത്തമാസത്തെ വേദനവും മുന്‍കൂറായി ലഭിക്കും.

ഇന്ത്യ, ഫിലിപ്പൈന്‍സ്‌, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മറ്റ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും പിരിച്ചുവിടല്‍ നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. ഇതിനു പുറമെ ആരോഗ്യ മേഖലയില്‍ നിന്നുള്ളവരുടെ മറ്റ്‌ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ അലവന്‍സ്‌,മൊബൈല്‍ അലവന്‍സ്‌ എന്നിവയും പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്‌. ഇതിന്‌ പുറമെ ബോണസിന്‌ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക്‌ ഈ വര്‍ഷം മുതല്‍ ബോണസ്‌ ഉണ്ടായിരിക്കില്ലെന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്‌.

ഹമദ്‌ മെഡിക്കല്‍ കോര്‍പറേഷന്‌ കീഴില്‍ ജോലി ചെയ്യുന്ന ഏതാണ്ട്‌ രണ്ടായിരത്തോളം വരുന്ന വിദേശ ജീവനക്കാരെ പല ഘട്ടങ്ങളിലായി പിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്നാണ്‌ അനൗദ്യോഗിക വിവരം.