ഖത്തറില്‍ കോടതിയിലെത്തുന്ന സൈബര്‍ കുറ്റങ്ങളില്‍ കൂടുതല്‍ സാമ്പത്തിക തട്ടിപ്പും ലൈംഗിക ചൂഷണവും

Untitled-1 copyദോഹ: രാജ്യത്ത്‌ സൈബര്‍ കുറ്റങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്‌. വഞ്ചന, മോഹവലയത്തില്‍പ്പെടുത്തല്‍, ലൈംഗിക ചൂഷണം, സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കല്‍, ഇത്തരത്തില്‍ ശേഖരിത്തുന്ന രേഖകള്‍ ദുരപയോഗം ചെയ്യല്‍, സാമ്പത്തിക തട്ടിപ്പ്‌ തുടങ്ങിയ നിരവധി കുറ്റങ്ങളാണ്‌ സൈബര്‍മേഖലയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റങ്ങള്‍. എന്നാല്‍ ഇവയില്‍ ഏറ്റവും കൂടുതലായി നടക്കുന്നത്‌ സാമ്പത്തികതട്ടിപ്പും ലൈംഗിക ചൂഷണവുമാണ്‌.

വര്‍ത്തമാന കാല സാഹചര്യത്തില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മാധ്യമത്തെ ഏറ്റവും മോശമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നത്‌ അതീവ ഗുരുതരമാണെന്ന്‌ ഈ മേഖലയിലെ വിദഗ്‌ധര്‍ തന്നെ അഭിപ്രായപ്പെടുന്നു.

ഒരു വ്യക്തിയുടെ സ്വകാര്യ മെയില്‍ ബോക്സുകള്‍ പോലും തുറക്കുകയും അതിലൂടെ അയാളുടെ ജീവതം തന്നെ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന നിരവധി കേസുകള്‍ ലോകത്താകമാനമുള്ള കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ആധുനിക സാഹചര്യത്തില്‍ ഇനിയും വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ പൊതു സമൂഹത്തെ ഈ മേഖലയില്‍ നടക്കുന്ന നിയമ ലംഘനങ്ങളെ സംബന്ധിച്ച് കര്‍ശനമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് ദോഹയിലെ പ്രമുഖ ഐ.ടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഉസാമ അബ്ദുലത്തീഫ് വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതകളിലേക്ക് ചൂഴ്ന്നിറങ്ങുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.കോടതികളില്‍ എത്തുന്ന കേസുകളില്‍ അധികവും അശ്രദ്ധയോടു കൂടി സോഷ്യല്‍ മാധ്യമം ഉപയോഗിക്കുന്നവര്‍ക്ക് പറ്റിയ വലിയ വീഴ്ചകളാണെന്നത് ബോധവല്‍ക്കരണത്തിന്‍്റെ ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍ ഇന്ന് സമൂഹത്തിന് ഒഴിച്ച് കൂടാത്ത മാധ്യമമായി മാറിക്കഴിഞ്ഞതായി പ്രമുഖ പണ്ഡിതന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ബൂഗൈനൈന്‍ അഭിപ്രായപ്പെട്ടു. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ നിമിഷങ്ങള്‍ക്കകം ഓരോരുത്തരുടെയും കിടപ്പ് മുറിയിലെ ലാപ്ടോപ്പിന് മുന്നിലിരുന്ന് അറിയാന്‍ കഴിയും.
എന്നാല്‍ ഇന്ന് ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂവെന്ന് കഴിഞ്ഞ ദിവസം നടന്ന ജമുഅ ഖുതുബയില്‍ അദ്ദേഹം വ്യക്തമാക്കി.