ദോഹയില്‍ കമ്യൂണിറ്റി ഹെല്‍പ്പ്‌ ഡസ്‌ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി

dohaദോഹ: ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി ആസ്ഥാനത്ത്  വിവിധ കമ്യൂണിറ്റികള്‍ക്കായി ഹെല്‍പ്പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ കമ്മ്യൂണിറ്റി ഓഫീസുകളില്‍ സൗകര്യം ഉണ്ടായിരിക്കും.  ആദ്യഘട്ടത്തില്‍ ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈന്‍സ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കായാണ്് കമ്മ്യൂണിറ്റി ഓഫീസുകള്‍ തുറന്നത്.
തൊഴിലാളികള്‍ക്കുള്‍പ്പെടെ പരാതികളും മറ്റും ഉന്നയിക്കുന്നതിന് ഹെല്‍പ്പ് ഡസ്‌കോട് കൂടിയാണ് ഓഫീസുകള്‍ തുറന്നിരിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരെ സഹായിക്കാനായാണ് മനുഷ്യാവകാശ കമ്മിറ്റി ഹെല്‍പ്പ് ഡസ്‌ക്കുകള്‍ക്ക് രൂപം നല്‍കിയത്. നേരത്തെതന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും ഔദ്യോഗിക ഉദ്ഘാടനം ഇന്നലെയാണ് നടന്നത്. ഖത്തറില്‍ ഏറ്റവുമധികം വിദേശികളുള്ള രാജ്യം എന്ന നിലയിലാണ് ആദ്യഘട്ടമെന്ന നിലയില്‍ നാല് കമ്മ്യൂണിറ്റി സര്‍വീസ് സെന്ററുകള്‍ തുറന്നതെന്ന് എന്‍ എച്ച് ആര്‍ സി ഇന്റര്‍ നാഷണല്‍ കോ-ഓപ്പറേഷന്‍ വിഭാഗം മേധാവി സാദ് സുല്‍ത്താന്‍ അല്‍ അബ്ദുല്ല പറഞ്ഞു. നിലവില്‍ എന്‍ എച്ച് ആര്‍ സിക്ക് ധാരാളം പരാതികള്‍ ദിവസവും കിട്ടുന്നുണ്ട്. എന്നാല്‍ അവയില്‍ പലതും താഴെക്കിടയില്‍ വെച്ചുതന്നെ പരിഹരിക്കപ്പെടാവുന്നതാണ്. അതിനുള്ള ഉപദേശങ്ങള്‍ നല്‍കാനാണ് കമ്മ്യൂണിറ്റി ഓഫീസ് കൊണ്ട് ലക്ഷ്യമിടുന്നത്.
ജോലി സമയം, യാത്രാ ചെലവ്, ഭാഷാ പ്രശ്‌നം, നിയമങ്ങളിലുള്ള അറിവില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ കമ്മ്യൂണിറ്റി ഓഫീസുകളില്‍ വഴി ഇല്ലാതാക്കാന്‍ കഴിയുമെന്നും സുല്‍ത്താന്‍ അല്‍ അബ്ദുല്ല പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജസ്റ്റിസ് ശൈഖ് ഫവാസ് അല്‍ ജെറ്റാള്‍ ഉദ്ഘാടനം ചെയ്തു. ലീഗല്‍ ഡയറക്ടര്‍ ജാബിര്‍ അല്‍ മറി, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ്, ഐ സി സി പ്രസിഡന്റ് കെ ഗിരീഷ് കുമാര്‍, ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീല്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സന്തോഷ് നീലകണ്ഠന്‍, തോമസ് കുര്യന്‍, കമ്മ്യൂണിറ്റി ഓഫീസ് കോഓര്‍ഡിനേറ്റര്‍ കെ ഇ കരീം അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ അപേക്ഷയില്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി അനുകൂലമായ തീരുമാനമെടുത്തതോടെയാണ് ഹെല്‍പ്പ് ഡസ്‌ക് സാധ്യമായത്.  ഒരു പരാതി ലഭിച്ചാല്‍ നിയമ വിദഗ്ധര്‍ അതേക്കുറിച്ച് പരിശോധന നടത്തുകയും ശരിയായ ഉപദേശം നല്കുകയും ചെയ്യും. മാത്രമല്ല, ഉന്നതാധികാരികളുടെ ശ്രദ്ധയില്‍ പ്രശ്‌നം അറിയിക്കുകയും ചെയ്യും. പ്രവാസി ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ വിഭാഗങ്ങളിലേക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ഹെല്‍പ് ഡസ്‌ക് വഴി വേഗത്തില്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.