ചാരിറ്റി സംഘടനകളുടെ സാമ്പത്തിക കൈകാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഏകീകൃത ബാങ്ക്‌ അക്കൗണ്ട്‌ നടപ്പിലാക്കുന്നു

qatarദോഹ: ചാരിറ്റി സംഘടനകളുടെ സാമ്പത്തിക കൈകാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഏകീകൃത ബാങ്ക് അക്കൗണ്ട് നടപ്പിലാക്കാന്‍ പദ്ധതിയുള്ളതായി മോണിറ്ററിംഗ് ആന്റ് സൂപ്പര്‍വിഷന്‍ വിഭാഗത്തിന്റെ മോണിറ്ററിംഗ് ഡയറക്ടര്‍ തലാല്‍ സബാഹ് അല്‍ അബ്ദുല്ല പറഞ്ഞതായി അല്‍ ശര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ചാരിറ്റി സംഘടനകളും ഏകീകൃത അക്കൗണ്ട് വഴിയാണ് സംഭാവനകള്‍ സ്വീകരിക്കേണ്ടതും സാമ്പത്തിക സഹായങ്ങള്‍ നേടേണ്ടതും.
റിലീഫ് പദ്ധതികള്‍ക്കുള്ള ടെക്‌നിക്കല്‍ കമ്മിറ്റി, നിയമത്തിന്റെ വഴിയിലൂടെ തന്നെയാണോ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നത് എന്ന് നിരീക്ഷിക്കാനുള്ള കമ്മിറ്റി തുടങ്ങിയവ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. 2014ലെ റഗുലേറ്റിംഗ് ചാരിറ്റബിള്‍ വര്‍ക്ക്‌സ് നിയമം നമ്പര്‍ 15 പ്രകാരം എല്ലാ സ്വകാര്യ ചാരിറ്റി സംഘടനകളും സ്ഥാപനങ്ങളും അതോറിറ്റിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ സ്വീകരിക്കാനും ഫണ്ട് കൈമാറ്റം ചെയ്യാനും വ്യക്തികള്‍ക്കും അധികൃതരുടെ അനുമതി ആവശ്യമാണ്.