ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ലേലസമയമാറ്റം തൊഴിലാളികള്‍ക്ക്‌ അനുഗ്രഹം

fishദോഹ: സെന്‍ട്രല്‍ മാര്‍ക്കറ്റിലെ റമദാനിലെ ലേലസമയം വളരെ അനുയോജ്യമെന്ന് ജോലിക്കാര്‍. മുനിസിപ്പാലിറ്റി ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയമാണ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ മത്സ്യലേല സമയത്തില്‍ മാറ്റം വരുത്തിയത്. പുലര്‍ച്ചെ നാല് മണിക്കാണ് പുതിയ സമയം പ്രകാരം ലേലം ആരംഭിക്കുക. നേരത്തെ ലേല സമയം വൈകിട്ട് ഏഴ് മണിയായിരുന്നു.
ലേലത്തിന്റെ സമയം നേരത്തെ ആയതോടെ വളരെ സൗകര്യമായെന്നും ഉപഭോക്താക്കള്‍ക്ക് പുതിയ മീന്‍ വളരെ നേരത്തെ ലഭിക്കുമെന്നും മാര്‍ക്കറ്റിലെ ഒരു തൊഴിലാളി ചൂണ്ടിക്കാട്ടി. മാത്രമല്ല, രാത്രിയോടെ തന്നെ ലേലത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും പകല്‍ സമയം വിശ്രമത്തിന് സമയം ലഭിക്കുമെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.
റമദാനല്ലാത്ത കാലത്ത് വൈകിട്ട് മൂന്ന് മണിയോടെ ലേലത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചാല്‍ മാത്രമേ ഏഴ് മണിയോടെ ലേലം നടക്കുകയുള്ളു. അതേ തുടര്‍ന്ന് മാര്‍ക്കറ്റ് വൈകുവോളം പ്രവര്‍ത്തിക്കുമെങ്കിലും വൈകുന്നേരത്തെ ലേലത്തില്‍ വന്ന മീനില്‍ ഭൂരിപക്ഷവും ബാക്കിയാവുകയും ചെയ്യും.
പുതിയ ലേല സമയം തങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണെന്ന് മാര്‍ക്കറ്റിലെ വില്‍പ്പനക്കാരന്‍ പറഞ്ഞു. ലേലം കഴിഞ്ഞ ഉടന്‍ കടകളിലേക്ക് മീന്‍ എത്തും. അഞ്ചു മുതല്‍  ഏഴ് മണിക്കൂര്‍ വരെ വില്‍പ്പനയ്ക്ക് ലഭിക്കുന്നതിനാല്‍ വളരെ കുറച്ച് മീന്‍ മാത്രമേ ബാക്കിയാവുന്നുള്ളുവെന്നും വില്‍പ്പനക്കാരന്‍ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഊദി അറേബ്യ, ഒമാന്‍, യു എ ഇ എന്നവിടങ്ങളില്‍ നിന്നുമായി 50 മീന്‍ കണ്ടയിനറുകളാണ് പ്രതിദിനം സെന്‍ട്രല്‍ മാര്‍ക്കറ്റിലെത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം രണ്ടായിരം കിലോ മീനാണ് ഓരോ ലോഡിലും ഉണ്ടാവുക.
റമദാനിന്റെ തുടക്കത്തില്‍ മീന്‍ വില്‍പ്പന കുറവായിരുന്നുവെങ്കില്‍ ഇപ്പോള്‍ വര്‍ധിച്ചതായി ഒരു വില്‍പ്പനക്കാരന്‍ പറഞ്ഞു.