ഖത്തറില്‍ വിവിധ പരിപാടികളോടെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

6-india-independence-day-wallpaperദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ഖത്തറില്‍ ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഐ സി സിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡര്‍ വായിച്ചു.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയേയും ഭരണാധികാരികളേയും ഖത്തര്‍ ഭരണാധികാരികള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സൈഖ് ്ബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനി എന്നിവര്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അഭിനന്ദന സന്ദേശം അയച്ചു.
ഐ സി സി യില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ ഗവേണിംഗ് ബോഡി ആക്ടിംഗ് പ്രസിഡന്റ് ഇഷാം അഹമ്മദ് ദേശീയ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പാല്‍ ഡോ. മുഹമ്മദ് ഹാറൂണ്‍ ഖാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
ബിര്‍ള പബ്ലിക്ക് സ്‌കൂളില്‍ ചെയര്‍മാന്‍ ലൂക്കോസ് കെ ചാക്കോ ദേശീയ പതാക ഉയര്‍ത്തി. സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ഡയറക്ടര്‍ സി വി റപ്പായി, മാനേജിംഗ് കമ്മിറ്റി അംഗം കെ എം വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയഗാനവും ദേശഭക്തി ഗാനവും വിദ്യാര്‍ഥികള്‍ ആലപിച്ചു.
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രസിഡന്റ് കെ സി അബ്ദുല്ലത്തീഫ് ദേശീയ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ് നായര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഡയറക്ടര്‍ ജനറല്‍ അഡ്വ. അബ്ദുറഷീദ് കുന്നുമ്മല്‍ ദേശീയ പതാക ഉയര്‍ത്തി.