Section

malabari-logo-mobile

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച ഫിലിപ്പിനോ യുവതിക്ക് ഏഴ് വര്‍ഷം ശിക്ഷ

HIGHLIGHTS : ദോഹ: കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച ഫിലിപ്പിനോ യുവതിക്ക് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മുപ്പത് ലക്ഷം ഡോളര്‍

download (1)ദോഹ: കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച ഫിലിപ്പിനോ യുവതിക്ക് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. മുപ്പത് ലക്ഷം ഡോളര്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനാണ് കോടതി ശിക്ഷ വിധിച്ചത്.
വിദേശ രാജ്യത്തുനിന്നും മോഷ്ടിച്ച പണമാണ് വെളുപ്പിക്കാന്‍ ശ്രമിച്ചതെന്നതിനാല്‍ അന്താരാഷ്ട്ര കുറ്റകൃത്യത്തിലാണ് ഇത് ഉള്‍പ്പെടുകയെന്ന് വിദഗ്ധ സമിതിയുമായി കൂടിയാലോചിച്ച ശേഷം കോടതി പറഞ്ഞു. കുറ്റവാളിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 9.6 മില്ല്യന്‍ റിയാല്‍ കണ്ടുകെട്ടി ഇരകള്‍ക്ക് നല്കണമെന്നും കോടതി വിധിച്ചു.
ഇലക്ട്രോണിക് ട്രാന്‍സ്ഫറിലൂടെ യുവതിയുടെ അക്കൗണ്ടിലേക്കെത്തിയ പണം മലേഷ്യ, ചൈന, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ബാങ്കുകളിലേക്ക് അയക്കാനായിരുന്നു ശ്രമം നടന്നിരുന്നതെന്ന് കഴിഞ്ഞ ദിവസം അര്‍റായ റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോംഗില്‍ നിന്നും യുവതിയുടെ അക്കൗണ്ടിലേക്ക് സ്ഥിരമായി പണം വരുന്നതായി അവരുടെ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ തെളിയിക്കുന്നതായും അര്‍റായ റിപ്പോര്‍ട്ട് ചെയ്തു.
2013 ഫെബ്രുവരി 19ന് മൂന്നര ലക്ഷം റിയാല്‍ യുവതിയുടെ അക്കൗണ്ടിലെത്തുകയും അതിന് പിറ്റേ ദിവസം 3,46,000 റിയാല്‍ അവര്‍ മലേഷ്യയിലെ ബാങ്കിലേക്ക് മാറ്റി അയക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷം 2013 മാര്‍ച്ച് 19ന് മൂന്ന് ലക്ഷം റിയാല്‍ ബാങ്ക് അക്കൗണ്ടിലെത്തിയ യുവതി 28ന് 2,97,840 റിയാല്‍ മലേഷ്യയിലെ ബാങ്കിലേക്ക് അയക്കുകയുണ്ടായി. സ്ത്രീ പണം അയച്ചിരുന്ന മലേഷ്യയിലെ അക്കൗണ്ടിനുടമ അവിടുത്തെ ഒരു ബാങ്ക് ജീവനക്കാരനാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. 2013 മെയ് 23ന് 1,20,000 റിയാല്‍ അക്കൗണ്ടിലെത്തിയ യുവതി മെയ് 26ന് ഇലക്ട്രോണിക്ക് ട്രാന്‍സ്ഫറിലൂടെ ഒരുലക്ഷം റിയാല്‍ വിദേശത്തെ ഒരു കമ്പനി അക്കൗണ്ടിലേക്കാണ് കൈമാറിയത്.
ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങിയാണ് യുവതി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതെങ്കില്‍ 2010ലെ നമ്പര്‍ 4 (ആര്‍ട്ടിക്കിള്‍ 82) ഖത്തര്‍ നിയമപ്രകാരം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് അധികാരികള്‍ക്ക് വിവരം നല്കിയാല്‍ മാപ്പിന് പരിഗണിക്കപ്പെട്ടേക്കും. വലിയ തുകകള്‍ കൈമാറിയപ്പോഴും ചെറിയ നേട്ടം മാത്രമാണ് യുവതിക്ക് ലഭിച്ചിട്ടുള്ളത് എന്നത് അവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തെളിയിക്കുന്നുണ്ട്.
2013 ജൂലായ് ഏഴിന് മൂന്ന് മില്ല്യന്‍ ഡോളര്‍ അക്കൗണ്ടിലെത്തിയതാണ് ഏറ്റവും വലിയ തുക കൈമാറ്റം. അതേദിവസം അക്കൗണ്ടില്‍ നിന്നും ഒരുലക്ഷം റിയാല്‍ പിന്‍വലിച്ച യുവതി പിറ്റേദിവസം അരലക്ഷം റിയാലും പിന്‍വലിച്ചു. ജൂലായ് എട്ടിന് ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേന വിദേശത്തേക്ക് ഒന്നരലക്ഷം ഡോളര്‍ അയച്ച യുവതി പിറ്റേദിവസം വീണ്ടും അരലക്ഷം ഡോളര്‍ പണമായി പിന്‍വലിക്കുയുണ്ടായി.
സാധാരണ ജോലിക്കാരിയായ ഫിലിപ്പിനോ വനിതയുടെ അക്കൗണ്ടില്‍ വലിയ തുകകള്‍ ചെറിയ കാലത്തിനുള്ളില്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനെ കുറിച്ച് ബാങ്കിനുണ്ടായ സംശയമാണ് അന്വേഷണത്തിലേക്ക് വഴിവെച്ചത്. അന്താരാഷ്ട്ര കുറ്റകൃത്യത്തിലാണ് അവര്‍ ഏര്‍പ്പെട്ടതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഹോംങ്‌കോങിലെ ഒരു കമ്പനിയില്‍ നിന്നും മോഷ്ടിച്ച പണം യുവതിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും തുടര്‍ന്ന് നാല് രാജ്യങ്ങളിലേക്ക് അയക്കുകയുമാണുണ്ടായത്. എന്നാല്‍ തനിക്ക് പണമയക്കുന്നവരെ കുറിച്ചോ താന്‍ പണം നല്കുന്നവരെ കുറിച്ചോ യുവതിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!