റമദാനില്‍ ഭിക്ഷാടകരെ പിടികൂടാന്‍ ഖത്തറില്‍ സിഐഡികളിറങ്ങുന്നു

Story dated:Saturday June 4th, 2016,01 14:pm

Untitled-1 copyദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ഭിക്ഷാടകരെ തടയാനായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം സിഐഡികളെ നിയമിക്കുന്നു. അല്‍ ഫസാ, ലേഖ്വിയ എന്നീ വകുപ്പുകളുമായി സഹകരിച്ച്‌ 35 സിഐഡികളെ നിയോഗിക്കാനാണ്‌ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുവഴി ഖത്തറില്‍ ഭിക്ഷാടന നിരോധനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ്‌ തീരുമാനം.

ഖത്തറില്‍ നിലവില്‍ ഭിക്ഷാടന പ്രവണതയില്ലെങ്കിലും റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിനുമാത്രമായി ഇവിടേക്ക്‌ മറ്റുരാജ്യങ്ങളില്‍ നിന്ന്‌ ആളുകള്‍ എത്താറുണ്ട്‌. ഭിക്ഷാടനത്തിന്റെ പേരില്‍ സഹതാപം പിടിച്ചുപറ്റി പണമുണ്ടാക്കലാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യമെന്നും ഇത്തരക്കാര്‍ ഇതിനോടകം തന്ന നിരീക്ഷണത്തിലുണ്ടെന്നും സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ മൊഹമ്മദ്‌ അല്‍ ഖാദി പറഞ്ഞു.

ഭിക്ഷാടകറെക്കുറിച്ച്‌ ഖത്തര്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സിഐഡികള്‍ക്ക്‌ വിവരം നല്‍കാന്‍ 3318627, 2347444 എന്ന ടോള്‍ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്‌. ഇത്തരത്തില്‍ പണം തട്ടുന്ന ഇവര്‍ ഇല്ലാത്ത കഥകളും തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അനാഥാലയങ്ങളുടെ പേരിലും സ്‌കൂളുള്‍ സ്ഥാപിക്കുന്നതിനും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും തുടങ്ങി പല അടവുകളും പയറ്റുമെന്നും മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.

ഖത്തറില്‍ കഴിഞ്ഞവര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 280 ഭിക്ഷാടകരെയാണ്‌ പിടികൂടിയത്‌.