ഖത്തറില്‍ നിരോധിച്ച സ്ഥലങ്ങളില്‍ നീന്തിയാല്‍ പതിനായിരം റിയാല്‍ പിഴ

ദോഹ: രാജ്യത്ത് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ നീന്തിയാല്‍ പതിനായിരം റിയാല്‍ പിഴ നല്‍കേണ്ടിവരും. നീന്താന്‍ അനുവദിക്കുന്നതും നിരോധിക്കുന്നതുമായ സ്ഥലങ്ങളെ കുറിച്ച് പുതിയ കരട് നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിതസ്ഥലങ്ങളില്‍ നഗരസഭാപരിസ്ഥിതി മന്ത്രാലയത്തിലെ ബീച്ചസ് ആന്‍ഡ് ഐലന്‍ഡ് വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നിര്‍ദേശങ്ങളും ചിഹ്നങ്ങളും സ്ഥാപിക്കും.

മന്ത്രിസഭയുടെ തീരുമാനമനുസരിച്ചാണ് നീന്തല്‍ നിരോധിക്കപ്പെടുന്ന സ്ഥലങ്ങള്‍ നിര്‍ണയിക്കേണ്ടതെന്ന് കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ആംബുലന്‍സ് സേവനം, വിദഗ്ധ ലൈഫ്ഗാര്‍ഡുകള്‍ തുടങ്ങി എല്ലാ രക്ഷാപ്രവര്‍ത്തനസേവനങ്ങളും സൗകര്യങ്ങളും ബീച്ചുകളില്‍ നല്‍കും. കരട് നിയമത്തിലെ അഞ്ചാംവകുപ്പ് പ്രകാരം ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍, ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍ എന്നിവയുടെ ഉടമകളാണ് നീന്തലിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടത്.

നിരോധിതസ്ഥലങ്ങളില്‍ നീന്തിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ മന്ത്രാലയം ബോധവത്കരണവും നടത്തുന്നുണ്ട്.