Section

malabari-logo-mobile

മേരിക്കന്‍ അധ്യാപിക ജെന്നിഫര്‍ ബ്രൗണിന്റെ കൊലപാതകം;സെക്യൂരിറ്റി ജീവനക്കാരന്റെ വിചാരണ പുനഃരാരംഭിച്ചു

HIGHLIGHTS : ദോഹ: അമേരിക്കന്‍ അധ്യാപിക ജെന്നിഫര്‍ ബ്രൗണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെനിയന്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വിചാരണ ...

doha courtദോഹ: അമേരിക്കന്‍ അധ്യാപിക ജെന്നിഫര്‍ ബ്രൗണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെനിയന്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വിചാരണ പുനഃരാരംഭിച്ചു. ഇന്നലെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിച്ചു. 2012 നവംബര്‍ 14നാണ് നാല്‍പതുകാരിയായ ജെന്നിഫര്‍ ബ്രൗണ്‍ കൊല്ലപ്പെട്ടത്. ഇംഗ്ലീഷ് മോഡേണ്‍ സ്‌കൂളിന്റെ അല്‍ വക്‌റ കാംപസിലെ അധ്യാപികയായിരുന്ന അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ ജിം തോര്‍പ്പില്‍ നിന്നുള്ള ജെന്നിഫര്‍ ബ്രൗണ്‍ സഹപ്രവര്‍ത്തകരോടൊപ്പം അല്‍ സദ്ദിലായിരുന്നു  താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയിരുന്നു. മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നുവെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. അല്‍ സദ്ദിലെ ബ്രൗണിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്നാണ് കോടതി കഴിഞ്ഞ ദിവസം തെളിവെടുത്തത്. പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ തുടര്‍വിചാരണ ഡിസംബര്‍ 30ന് നടക്കും. കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ കോടതി പുതിയ തെളിവുകള്‍ പരിശോധിച്ചു. സാക്ഷികളെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയതിനാലാണ് തെളിവുകള്‍ സമര്‍പ്പിക്കാന്‍ വൈകിയതെന്ന് പ്രാദേശിക വെബ് പോര്‍ട്ടല്‍  റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന വിചാരണയിലും പ്രതിചേര്‍ക്കപ്പെട്ട കെനിയന്‍ സ്വദേശിയെ പരിശോധിച്ച സൈക്യട്രിസ്റ്റ് ഹാജരായില്ല.  ഡോക്ടറെ കണ്ടെത്താനും 30ന് കേസ് പരിഗണിക്കുമ്പോള്‍ ഡോക്ടറെ കോടതിയിലെത്തിക്കാനും പൊലീസിന് കോടതി നിര്‍ദേശം നല്‍കി. കെനിയന്‍ സ്വദേശി കുറ്റം ചെയ്തുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയതായും പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രൗണിനെ ബലാല്‍സംഘം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കിയെന്നും ജഡ്ജിയുടെ ചോദ്യത്തിന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയെന്നും ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും പ്രത്യേകമായ ചുവന്നകല്ല് പതിപ്പിച്ച മോതിരം ലഭിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡ് ഈ മോതിരം ധരിച്ചിരുന്നതായി കുറ്റകൃത്യം നടന്ന കെട്ടിടത്തില്‍ താമസിച്ചിരുന്ന നിരവധി അധ്യാപകര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിനുപയോഗിച്ച ആയുധം ബ്രൗണ്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് മരത്തടികള്‍ക്കിടയിലായി ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് ഒളിപ്പിക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ഗാര്‍ഡ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായി മറ്റ് നാല് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കി. കൊലപാതകത്തിനുപയോഗിച്ച കത്തിയെവിടെയെന്ന് വ്യക്തമാക്കാന്‍ കെനിയന്‍ സ്വദേശി ആദ്യം തയാറായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ബ്രൗണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത  ഫോറന്‍സിക് എക്‌സാമിനറില്‍ നിന്നും കോടതി തെളിവെടുത്തു. ശരീരത്തില്‍ നിന്നും ധാരാളം രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് അവര്‍ വ്യക്തമാക്കി. മാരകമായ രീതിയില്‍ അവര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ അടയാളങ്ങള്‍ അവരുടെ ശരീരത്തിലുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗികപീഡനത്തിന് ഇരയായതിന്റെ തെളിവുണ്ടെന്നും അവര്‍ പറഞ്ഞു. 2013 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.  സെക്യൂരിറ്റി ഗാര്‍ഡ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ വധശിക്ഷ ലഭിക്കാം. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഖത്തറില്‍ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!