ദോഹയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി തടവുകാര്‍ക്ക്‌ അമീര്‍ മാപ്പ്‌ പ്രഖ്യാപിച്ചു

Untitled-1 copyദോഹ: വിശുദ്ധ റമദാന്‍ മാസം പ്രമാണിച്ച്‌ ഖത്തര്‍ അമീര്‍ ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനി നിരവധി തടവുകാര്‍ക്ക്‌ മാപ്പ്‌ നല്‍കിയതയി ഖത്തര്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്‌, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്‌മോചനം ലഭിച്ചതെന്നാണ്‌ പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. എല്ലാ വര്‍ഷവും റമദാനില്‍ അമീര്‍ തടവുകാര്‍ക്ക്‌ മാപ്പ്‌ നല്‍കാറുണ്ട്‌.

റമദാനിലും ഖത്തര്‍ ദേശീയ ദിനത്തിലുമായി വര്‍ഷത്തില്‍ രണ്ടുതവണയാണ്‌ തടവുകാര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കാറുള്ളത്‌. അതെസമയം തടവുകാലാവധിയുടെ നല്ലൊരു ഭാഗം അനുഭവിച്ചവര്‍ക്കാണ്‌ സാധാരണയായി മാപ്പ്‌ നല്‍കാറുള്ളതെന്നും ഖത്തറിലെ ബഹുഭൂരിപക്ഷം വരുന്ന പ്രവാസി സമൂഹത്തോടുള്ള ഖത്തറിന്റെ അനുഭാവപൂര്‍ണമായ നിലപാടാണ്‌ പൊതുമാപ്പിലൂടെ വെളിപ്പെടുന്നതെന്ന്‌ എംബസി അധികൃതര്‍ അഭിപ്രായപ്പെട്ടതായും പ്രാദേശിക ന്യൂസ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മാപ്പ്‌ നല്‍കിയ തടവുകാരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതരില്‍ നിന്ന്‌ വരും ആഴ്‌ചകളില്‍ ലഭിക്കും. കഴിഞ്ഞവര്‍ഷത്തില്‍ നൂറോളം പേര്‍ക്കാണ്‌ പൊതുമാപ്പ്‌ ലഭിച്ചത്‌. മോഷണം, മയക്കുമരുന്ന്‌ കടത്ത്‌, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ ജയിലില്‍ കിടക്കുന്നവര്‍ക്കാണ്‌ മോചനം ലഭിക്കുക.