അല്‍ജസീറ ചാനല്‍ ഇസ്രായേല്‍ നിരോധിക്കുന്നു

ദോഹ: സൗദി സഖ്യ രാജ്യങ്ങളോട് ഐക്യം പ്രഖ്യാപിച്ച് ഇസ്രായേല്‍ അല്‍ജസീറ ചാനല്‍ നിരേധിത്തുന്നു. ഇസ്രായേല്‍ കമ്യൂണിക്കേഷന്‍ മന്ത്രി അയൂബ് കാരയാണ് അല്‍ജസീറ ചാനലിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൂടാതെ അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്രായേലില്‍ ജോലി ചെയ്യുന്നതിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നു മുതലായിരിക്കും ചാനലിന് നിരോധനം ഏര്‍പ്പെടുത്തുക എന്ന കാര്യം തീരുമാനിച്ചിട്ടില്ല. അല്‍ജസീറ നിരോധിക്കുന്നത് സംബന്ധിച്ച് ഇസ്രായേല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജറുസലേമിലെ ബ്രോഡ്കാസ്‌റ്റേഴ്‌സ് ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമാരി വെളിപ്പെടുത്തി.

അടുത്തിടെ ജോര്‍ദാന്‍,സൗദി എന്നിവ അല്‍ ജസീറയുടെ ഓഫീസുകള്‍ അടച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള സൗദി സഖ്യങ്ങളുടെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമസംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ നടപടിക്കെതിരെ ഒന്നും തന്നെ അല്‍ജസീറ പ്രതികരിച്ചിട്ടില്ല.