അല്‍ അസ്ഹര്‍ പണ്ഡിത സഭാംഗത്വം ഖര്‍ദാവി രാജിവെച്ചു

ദോഹ: ഈജിപ്തിലെ അല്‍അസ്ഹര്‍ അല്‍ഷരീഫിന്റെ ഉന്നത പണ്ഡിത സഭയിലെ അംഗത്വം പ്രമുഖ ഇസ്‌ലാമിക ചിന്തകനും ലോക മുസിലിം പണ്ഡിതസഭ അധ്യക്ഷനുമായ ഡോ. യൂസുഫ് ആല്‍ഖര്‍ദാവി രാജി വച്ചു. മുസ്‌ലിം ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന അല്‍ അസ്ഹര്‍ ഈജിപ്തിലെ സൈനിക അട്ടിമറിയെ അനുകൂലിച്ചതില്‍ പ്രതിഷേധിച്ചാണ് ഖര്‍ദാവി തന്റെ രാജി പ്രഖ്യാപിച്ചത്.
അല്‍ അസ്ഹറിന്റെ അധ്യക്ഷസ്ഥാനം (ശൈഖ് അല്‍അസ്ഹര്‍) ആയുധം ഉപയോഗിച്ച് ഭരണകൂടത്തെ മറിച്ചിട്ട സൈനിക ജുണ്ടയുടെ അടുത്തതായി മാറിയതായി ട്വിറ്ററിലൂടെയും തന്റെ ഫേസ്ബുക് പേജിലൂടെയും നടത്തിയ പ്രസ്താവനയില്‍ ഖര്‍ദാവി പറഞ്ഞു. അതുകൊണ്ടുതന്നെ ഈ പണ്ഡിത സഭയില്‍ നിന്നുള്ള തന്റെ രാജി ശൈഖ് അല്‍ അസ്ഹറിനല്ല മഹത്തായ ഈജിപ്ഷ്യന്‍ ജനതയ്ക്കാണ് താന്‍ സമര്‍പ്പിക്കുന്നത്.
ശൈഖ് അല്‍അസ്ഹര്‍ ഡോ. അഹ്മദ് അല്‍ത്വയിബ് സ്വയം ഈജിപ്ഷ്യന്‍ പ്രസിഡന്റായി കരുതുന്ന സൈനിക ജുണ്ടയുടെ പണിയാളായി അധഃപതിച്ചതായും ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും അഭിമാനവും സ്വാതന്ത്ര്യവും തിരിച്ചു കിട്ടുകയും പണ്ഡിതന്മാര്‍ക്ക് അവരുടെ സ്വന്തം ശൈഖിനെ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അല്‍അസ്ഹറിന് തങ്ങളുടെ സ്ഥാനം ലയഭിക്കുകയുള്ളുവെന്ന് തന്റെ രാജി പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. അതിരൂക്ഷമായ വിമര്‍ശനമാണ് ശൈഖ് അല്‍അസ്ഹറിന്റെ ഇപ്പോഴത്തെ നയങ്ങള്‍ക്കെതിരെ ഡോ. ഖര്‍ദാവി ഉയര്‍ത്തിയരിക്കുന്നത്.