ഇന്നു മുതല്‍ ദോഹ വിമാനം തിരുവനന്തപുരത്തേക്ക്

മനാമ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എയര്‍ഇന്ത്യ സര്‍വീസ് ആരംഭിക്കും. ബഹ്‌റൈന്‍, ഖത്തര്‍, സൗദി എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നും ദോഹയിലേക്കും ഇതേ സൗകര്യം ലഭ്യക്കും. ദോഹയില്‍ നിന്നു പുറപ്പെട്ട് കോഴിക്കോട്ട് എത്തി അവിടേക്കുള്ള യാത്രക്കാരെ ഇറക്കിയശേഷമായിരിക്കും തിരുവനന്തപുരത്തേക്ക് പോകുക.

പകല്‍ 2.30ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍നിന്നു പുറപ്പെടുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 374 വിമാനം രാത്രി 9.10ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടേക്കുളള യാത്രക്കാരെ അവിടെ ഇറക്കിയശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെയും കൊണ്ട് രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തും. തിരുവന്തപുരത്തുനിന്നു രാവിലെ ഏഴിന് പുറപ്പെടുന്ന ഐഎക്സ് 373 വിമാനം 7.50ന് കോഴിക്കോട്ട് എത്തും. കോഴിക്കോട്ടുനിന്ന് 11.40ന് പുറപ്പെട്ട് പകല്‍ 1.30ന് ദോഹയില്‍ എത്തും. മൊത്തം 6.45 മണിക്കൂറാണ് യാത്രാസമയം.

ഇതോടെ തിരുവനന്തപുരം-കോഴിക്കോട് വിമാനയാത്രയും സാധ്യമാകും. യാത്രയ്ക്ക് 55 മിനിറ്റ് മതി എന്നതാണ് പ്രധാന സവിശേഷത. ഇതിന് 2300 രൂപയാണ് എയര്‍ഇന്ത്യ ഈടാക്കുക. റിയാദില്‍നിന്ന് നിലവില്‍ കോഴിക്കോട്ടേക്കുള്ള സര്‍വീസ് 16 മുതല്‍ തിരുവനന്തപുരത്തേക്ക് നീട്ടും. ആഴ്ചയില്‍ നാല് സര്‍വീസാണ് തുടക്കത്തില്‍. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ 1.15ന് റിയാദില്‍നിന്നു പുറപ്പെടുന്ന വിമാനം രാത്രി 8.45ന് കോഴിക്കോട്ടത്തുെം. അവിടെനിന്ന് 10.50ന് പുറപ്പെട്ട് 11.45ന് തിരുവനന്തപുരത്തെത്തും. തിരികെ രാവിലെ ഏഴിനാണ് തിരുവനന്തപുരത്തുനിന്ന് വിമാനം. 7.55ന് കോഴിക്കോട്ടത്തിെ 9.15ന് അവിടെനിന്നു തിരിച്ച് 11.45ന് റിയാദിലെത്തും. ഫെബ്രുവരി 18 മുതല്‍ ശനിയാഴ്ചയുംകൂടി ഉള്‍പ്പെടുത്തി സര്‍വീസുകളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തുമെന്ന് എയര്‍ഇന്ത്യ റിയാദ് സ്റ്റേഷന്‍ മാനേജര്‍ കുന്ദന്‍ലാല്‍ ഗൊത്തുവാള്‍ അറിയിച്ചു. റിയാദില്‍നിന്ന് 30 കിലോയാണ് ബാഗേജിന് അനുമതി. ഏഴുകിലോ കൈയിലും. എന്നാല്‍, തിരികെ 20 കിലോക്കും ഏഴിനും മാത്രമേ അനുമതിയുള്ളൂ.

ബഹ്റൈനില്‍നിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് കണക്ഷന്‍ ഫ്ളൈറ്റും 16ന് നിലവില്‍ വരും. തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്കും ഇതേ സൌകര്യം ലഭിക്കും. പകല്‍ 2.45ന് പുറപ്പെടുന്ന കോഴിക്കോട് -കൊച്ചി ഐഎക്സ് 474 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിനാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു തിരുവനന്തപുരത്തേക്ക് കണക്ഷന്‍ വിമാനം ലഭിക്കുകയെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ബഹ്റൈന്‍ കണ്‍ട്രി മാനേജര്‍ കിഷോര്‍ ജോഷി അറിയിച്ചു. ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 474 വിമാനം രാത്രി 9.20ന് കരിപ്പൂരില്‍ ഇറങ്ങും. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ എക്സ്പ്രസിന്റെ ഐഎക്സ് 374 വിമാനത്തിലാണ് കൊണ്ടുപോകുക. ഈ വിമാനം കോഴിക്കോട്ടുനിന്ന് 10.50ന് പുറപ്പെട്ട് 11.45ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരത്തനിന്നു രാവിലെ ഏഴിന് പുറപ്പെടുന്ന ഐഎക്സ് 373 വിമാനം 7.50ന് കോഴിക്കോട്ട് എത്തും. അവിടെനിന്ന് തിരുവനന്തപുരം യാത്രക്കാര്‍ കോഴിക്കോട് ബഹ്റൈന്‍ ഐഎക്സ് 473 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 11.30ന് പുറപ്പെട്ട് 1.20ന് ബഹ്റൈനില്‍ എത്തും.