‘മരുഭൂമി ഒരു ഹരിതഭൂമി’ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

organic-toms-LW-EDITദോഹ: ദൃശ്യാവിഷ്‌ക്കാര കൂട്ടായ്മയായ ഖത്തര്‍ കനവുകള്‍ ഫ്‌ളോറന്‍സാമ ഇന്റര്‍നാഷണല്‍ നഴ്‌സറിയുമായി സഹകരിച്ച് ‘മരുഭൂമി ഒരു ഹരിതഭൂമി’ എന്ന പേരില്‍ ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സിമി പോള്‍, അമീര്‍ കോയാ,  മിബു ജോസ്, ജിഷാ കൃഷ്ണ, ബിജുരാജ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായവര്‍.
ചെറു കൃഷിയിടങ്ങളില്‍ വൈവിധ്യമായ കാര്‍ഷിക വിളകള്‍ കൃഷി ചെയതു ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച അഞ്ചു പേരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.  കൂടാതെ കൃഷി രംഗത്തെ ഖത്തറിലെ  ഫേസ്ബുക്ക് കൂട്ടായ്മയായ ‘അടുക്കള ത്തോട്ട’ത്തിനും അവാര്‍ഡ് നല്കും.
മത്സരത്തില്‍ പങ്കെടുത്ത ഇരുനൂറിലധികം കര്‍ഷകരില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ കുറേ നാളുകളായി ഈ രംഗത്ത് മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്ന നല്ല ശ്രമങ്ങളെ  പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
30ന് നടക്കുന്ന ഖത്തര്‍ കനവുകള്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡ്  നിശയില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.