Section

malabari-logo-mobile

ദോഹയില്‍ ഹൈടെക്‌ തൊഴിലാളി പാര്‍പ്പിടകേന്ദ്രങ്ങള്‍ ഒരുങ്ങി

HIGHLIGHTS : ദോഹ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലുതും ആധുനികവുമായ തൊഴിലാളി പാര്‍പ്പിട കേന്ദ്രങ്ങള്‍ തയ്യാറായി. ഇന്റസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ സിറ്റിയില്‍ ആയിരക്കണക്ക...

qutar dohanewsദോഹ: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലുതും ആധുനികവുമായ തൊഴിലാളി പാര്‍പ്പിട കേന്ദ്രങ്ങള്‍ തയ്യാറായി. ഇന്റസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ സിറ്റിയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് താമസിക്കാനാവുന്ന കേന്ദ്രങ്ങള്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് വാടകയ്ക്ക് എടുക്കാവുന്നതാണ്.

പത്ത്‌ലക്ഷം ചതുരശ്ര മീറ്ററില്‍ നാല് നിലകളുള്ള 64 കെട്ടിടങ്ങളാണ് തൊഴിലാളികള്‍ക്ക് താമസിക്കാനായി നവീനമായ രീതിയില്‍ പണിതിട്ടുള്ളത്. ഓരോ കെട്ടിടത്തിലും 780 പേര്‍ക്കാണ് താമസിക്കാനാവുക. എല്ലാ താമസ കേന്ദ്രങ്ങളിലും കൂടി അരലക്ഷത്തോളം പേര്‍ക്കാണ് താമസ സൗകര്യമുണ്ടാവുക.

sameeksha-malabarinews

ലേബര്‍ സിറ്റിയില്‍ ഒരു സിനിമാ തിയേറ്റര്‍, വിനോദ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി പരിപാടികള്‍ സംഘടിപ്പിക്കാനുള്ള വലിയ ഓഡിറ്റോറിയം, കമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍, റസ്റ്റോറന്റുകള്‍, വോളിബാള്‍, ഫുട്ബാള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക വിനോദങ്ങള്‍ക്ക് സ്‌റ്റേഡിയം തുടങ്ങിയവയുമുണ്ട്. തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും നിയമപാലനത്തിനുമായി പൊലീസ് സ്റ്റേഷനും ലേബര്‍ സിറ്റിയിലുണ്ട്.

അത്യാഹിത വിഭാഗവും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള വലിയ മെഡിക്കല്‍ സെന്ററും 32,500 ചതുരശ്ര മീറ്ററില്‍ പച്ചപ്പുല്‍ത്തകിടിയും ലേബര്‍ സിറ്റിയുടെ പ്രത്യേകതകളാണ്. ലേബര്‍ സിറ്റിയില്‍ മുതിര്‍ന്ന തൊഴിലാളികള്‍ക്കായി പ്രത്യേക താമസ കേന്ദ്രവുമുണ്ട്. ഇവിടെ പതിനായിരം പേര്‍ക്ക് താമസിക്കാനാവും.

ലേബര്‍ സിറ്റിയുടെ സൂപ്പര്‍വൈസറി അധികൃതര്‍ താത്പര്യമുള്ള കമ്പനികളോട് അപേക്ഷകള്‍ നല്കാന്‍ ആവശ്യപ്പെട്ടതായി അറബിക്ക് ദിനപത്രമായ അശ്ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ബര്‍വ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ സഹായത്തോടെയാണ് ബര്‍വ അല്‍ ബറാഹയെന്ന ലേബര്‍ സിറ്റി നിര്‍മിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കായി നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയാണിത്.

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് മികച്ച ജീവിത സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ വലുതും ആധുനികവുമായ തൊഴിലാളി താമസ കേന്ദ്രങ്ങളെന്നാണ് അല്‍ശര്‍ഖ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍ ട്രക്കുകള്‍ക്കും വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണുണ്ടാക്കിയത്. രണ്ടാം ഘട്ടത്തിലാണ് ലേബര്‍ സിറ്റി പദ്ധതി പൂര്‍ത്തിയാക്കിയത്. ലേബര്‍ സിറ്റിയിലെ 64 കെട്ടിടങ്ങളും 16 കെട്ടിടങ്ങള്‍ വീതമുള്ള നാല് സബ് കോംപ്ലക്‌സുകളായി തിരിച്ചിട്ടുണ്ട്. കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. കമ്പനികള്‍ക്ക് ഈ സ്ഥലം വാടകയ്ക്ക് നല്കാനാണ് പദ്ധതി. ലേബര്‍ സിറ്റിയില്‍ യൂസ്ഡ് കാറുകളുടെ ഷോറൂമുകളും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകളും പ്രതീക്ഷിക്കുന്നുണ്ട്. പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങളോടെയുള്ള താമസ കേന്ദ്രത്തിനുള്ള ഗള്‍ഫ് മേഖലയിലെ മാതൃകയായിരിക്കും ലേബര്‍ സിറ്റിയെന്നും അല്‍ ശര്‍ഖ് ചൂണ്ടിക്കാട്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!