ഡോക്ടര്‍ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തു; കാമുകി ജീവനൊടുക്കി

നാഗ്പൂര്‍ : കാമുകിയുമൊത്തുള്ള അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ കാമുകനായ ഡോക്ടര്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് കാമുകി ജീവനൊടുക്കി. ബുട്ടിബോരിയിലെ ദേശാസാല്‍ക്കൃത ബാങ്കിലെ ഉദേ്യാഗസ്ഥയാണ് യുവതി. യുവതി തന്റെ വീട്ടിനുള്ളിലാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിനുത്തരവാദി തന്റെ കാമുകനായ ആയുര്‍വ്വേദ ഡോക്ടര്‍ കുന്തല്‍ ജംബ്ബുല്‍ക്കര്‍ ആണെന്ന് യുവതി ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോക്ടറുടെ ആശുപത്രിയില്‍ 9 മാസങ്ങള്‍ക്ക് മുമ്പ് യുവതി ചികില്‍സ തേടി എത്തിയതുമുതലാണ് ഇരുവരും അടുത്തതും പ്രണയത്തിലായതും. വിവാഹിതനായ ഡോക്ടര്‍ ഇക്കാര്യം മറച്ചു വെച്ച് യുവതിയുമായി പലപ്പോഴും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും വിവാഹം കഴിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് അബോര്‍ഷന് വിധേയയാവുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവതിയെ ഡോക്ടര്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു.

യുവതി വിവാഹം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ചതോടെ ഡോക്ടര്‍ ഇരുവരുടെയും അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഈ വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.