ജില്ലാ കലക്‌ടര്‍ കോഴിക്കോട്‌ വിമാനത്താവളം സന്ദര്‍ശിച്ചു

Story dated:Sunday June 14th, 2015,11 31:am
sameeksha sameeksha

Collector site visit-1മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്‌ടര്‍ എന്‍. പ്രശാന്ത്‌ സ്ഥിതിഗതികള്‍ നേരിട്ട്‌ വിലയിരുത്തുന്നതിനായി വിമാനത്താവളം സന്ദര്‍ശിച്ചു. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ദക്ഷിണ മേഖല മേധാവി ഐ.എന്‍. മൂര്‍ത്തി, ദക്ഷിണ മേഖല ജനറല്‍ മാനെജര്‍ (ഏറോ) സില്‍വെസ്റ്റര്‍ ഇസ്രയേല്‍, വിമാനത്താവളം ഡയറക്‌ടര്‍ കെ. ജനാര്‍ദനന്‍, സി.ഐ.എസ്‌.എഫ്‌. ഡെപ്യൂട്ടി കമാണ്ടന്റ്‌ സി.എസ്‌. ദാനിയല്‍, അസി. കമാണ്ടന്റ്‌ അജയ്‌ കിഷോര്‍, മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജില്ലാ കലക്‌ടര്‍ ഒറ്റക്കും കൂട്ടായും ചര്‍ച്ചകള്‍ നടത്തി.
വിമാനത്താവളത്തില്‍ ഉണ്ടായത്‌ പോലുള്ള നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരസ്‌പര ധാരണയിലൂടെ പരിഹരിക്കുന്നതിനുമായി സംയുക്ത ഏകോപന സമിതി രൂപവത്‌ക്കരിക്കാന്‍ തീരുമാനിച്ചതായി കലക്‌ടര്‍ അറിയിച്ചു. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഉദ്യോഗസ്ഥര്‍, സി.ഐ.എസ്‌.എഫ്‌. പ്രതിനിധികള്‍ എന്നിവരെ കൂടാതെ ജില്ലാ ഭരണകൂടവും സമിതിയില്‍ പങ്കാളിത്തം വഹിക്കും. സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന്‌ അതത്‌ സമയത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കണമെന്ന്‌ നിര്‍ദേശം നല്‍കിയതായി കലക്‌ടര്‍ അറിയിച്ചു.
ചെറിയ വിഷയമാണ്‌ വിമാനത്താവളത്തില്‍ വലിയ പ്രശ്‌നമായി മാറിയത്‌. മേലില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാഹചര്യമൊരുക്കുകയും കാര്യങ്ങള്‍ സാധാരണരീതിയിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌വരികയും ചെയ്യുന്നതിനാണ്‌ ഇപ്പോള്‍ മുന്‍ഗണനയെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന്‌ സി.ഐ.എസ്‌.എഫ്‌., അഗ്നിശമന സേന, വിമാനത്താവളം ഉദ്യോഗസ്ഥരോട്‌ അദ്ദേഹം നിര്‍ദേശിച്ചു.
സുരക്ഷാഭടന്‍ വെടിയേറ്റു മരിച്ച സ്ഥലം ഉള്‍പ്പെടെ വിമാനത്താവളത്തിനകത്ത്‌ സംഘര്‍ഷമുണ്ടായ മുഴുവന്‍ സ്ഥലങ്ങളും കലക്‌ടര്‍ നടന്ന്‌ കണ്ടു. നാശനഷ്‌ടങ്ങള്‍ നേരിട്ട കെട്ടിടങ്ങളും എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍, റണ്‍വെ, ഫയര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. സി.ഐ.എസ്‌.എഫ്‌. കണ്‍ട്രോള്‍ റൂമിലെത്തി സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങളും കണ്ടു. ഉച്ചയ്‌ക്ക്‌ 12.30 ന്‌ വിമാനത്താവളത്തിലെത്തിയ അദ്ദേഹം അഞ്ചര മണിക്കൂര്‍ കഴിഞ്ഞാണ്‌ മടങ്ങിയത്‌. സബ്‌ കലക്‌ടര്‍മാരായ അദീല അബ്‌ദുല്ല, അമിത്‌ മീണ, ഡെപ്യൂട്ടി കലക്‌ടര്‍മാരായ വി. രാമചന്ദ്രന്‍, അബ്‌ദുല്‍ റഷീദ്‌, കൊണ്ടോട്ടി തഹസില്‍ദാര്‍ സയ്യിദ്‌ അലി എന്നിവര്‍ കലക്‌ടറെ അനുഗമിച്ചു.