സംവിധായകന്‍ എ വിന്‍സെന്റ്‌ അന്തരിച്ചു

vincent-1

സംവിധായകന്‍ എ വിന്‍സന്റ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനും ആയ എ വിന്‍സന്റ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 86 വയസ്സായിരുന്നു. ജെമിനി സ്റ്റുഡിയോയില്‍ വെറും സ്റ്റുഡിയോ ബോയ് ആയി തുടങ്ങിയ സിനിമാ ജീവിതം ദക്ഷിണേന്ത്യയിലെ വിസ്മയമായി മാറിയ ചരിത്രമാണ് വിന്‍സന്റിന്റെ ജീവിതം.

സംവിധാനവും ഛായാ്രഹണവും തനിക്ക് ഒരുപോല വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളെ കൂടാതെ ബോളിവുഡിലും അദ്ദേഹം സിനിമകളെടുത്തു. മലയാള സിനിമക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ജെസി ദാനിയല്‍ പുരസ്‌കാരം നല്‍കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

1953 ല്‍ ചാന്ദി റാണി എന്ന തെലുങ്ക് ചിത്രത്തില്‍ അതിഥി ക്യാമറാമാന്‍ ആയിട്ടാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതം തുടങ്ങുന്നത്. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ ആണ് എ വിന്‍സന്റിന്റെ ആദ്യ മലയാള ചിത്രം. ഭാര്‍ഗ്ഗവീ നിലയം, ശ്രീകൃഷ്ണ പരുന്ത്, വയനാടന്‍ തമ്പാന്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മലയാള സിനിമയില്‍ വേറിട്ട വഴി തുറന്ന ചിത്രമായിരുന്നു വൈക്കം മുഹമമ്മദ് ബഷീറിന്റെ ഭാര്‍ഗ്ഗവീ നിലയം. കോഴിക്കോടാണ് എ വിന്‍സന്റിന്റെ ജന്മദേശം.പ്രശസ്ത ഛായാഗ്രാഹകരായ ജയാനനും അജയനും ആണ് മക്കള്‍. കലാസംവിധായകനായ സാബു സിറില്‍ മരുമകനാണ്.