ഡിഫ്‌തീരിയ: 25,000 ഡോസ്‌ വാക്‌സിന്‍ എത്തി

downloadമലപ്പുറം: ജില്ലയില്‍ ഡിഫ്‌തീരിയ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‌ 25,000 ഡോസ്‌ വാക്‌സിന്‍ എത്തി. കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ജില്ലയിലെ എട്ട്‌ ആരോഗ്യ ബ്ലോക്കുകളിലെ സ്‌കൂളുകളില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കാണ്‌ ഈ മരുന്ന്‌ നല്‍കുക. കൊണ്ടോട്ടി, ഓമാനൂര്‍, വേങ്ങര, നെടുവ, വെട്ടം, കുറ്റിപ്പുറം, വളവന്നൂര്‍, മങ്കട എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ്‌ ജില്ലയില്‍ ഡിഫ്‌തീരിയ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

കൂടുതല്‍ വാക്‌സിന്‍ എത്തുന്ന മുറയ്‌ക്ക്‌ മറ്റുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്‌കൂളുകളും കേന്ദ്രീകരിച്ച്‌ ഫീല്‍ഡ്‌തല ബോധവത്‌കരണം ശക്തിപ്പെടുത്താന്‍ കലക്‌ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌, ആര്‍.സി.എച്ച്‌. ഓഫീസര്‍ ഡോ.ആര്‍. രേണുക, ഡി.എസ്‌.ഒ. ഡോ.എ. ഷിബുലാല്‍, ജില്ലാ മാസ്‌ മീഡിയാ ഓഫീസര്‍ ടി.എം. ഗോപാലന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ എം. വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.