ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇന്നു വീണ്ടും കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയായിരിക്കും ഹാജരാക്കുക. റിമാന്‍ഡ് കാലാവധി തീരുന്നതിനാലാണ് ഹാജരാക്കുന്നത്.

ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴുളള സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്നില്‍കണ്ടാണ് കോടതി വീഡിയോ കോണ്‍ഫറന്‍സിങ് അനുവദിച്ചിരിക്കുന്നത്.

ദിലീപിന്റെ ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. ദിലീപിന് ചെറിയ ജലദോഷവും ചെറിയ കാലുവേദനയും മാത്രമാണ് ഉള്ളതെന്നും ഇതിന് മുരുന്ന് നല്‍കിയിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു. ദിലീപിന്റെ ചെവിയുടെ സന്തുലനാവസ്ഥ തെറ്റി അവശനിലയിലാണെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജയിലിലെത്തിയ ശേഷം ദിലീപ് താടിയും മുടിയും മുറിച്ചിട്ടില്ല. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഒരു തടവുകാരന്‍ ദിലീപിന് ജയില്‍ സുഖവാസമാണെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.