തിരൂരില്‍ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡയാലിസിസ് ഉപകരണങ്ങള്‍ കടത്തി

തിരൂര്‍ : തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ശനിയാഴ്ച കേന്ദ്ര മന്ത്രി ജയറാം രമേശ് ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെന്ററിലെ ഉപകരണങ്ങളാണ് മണിക്കൂറികള്‍ക്കകം കടത്തിയത്. ഇവിടെ നിന്നും ആംബുലന്‍സിലാണ് ഉപകരണങ്ങള്‍ കൊണ്ടു പോയത്. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച പ്രാദേശിക ക്യാമാറാമാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

സെന്ററില്‍ ഒമ്പത് ഡയാലിസിസ് യന്ത്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഡയാലിസിസ് യൂണിറ്റ് കേന്ദ്ര മന്ത്രി ജയറാം രമേശ് സന്ദര്‍ശിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ എം പി അടക്കമുള്ളവരെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രി 11 ന് തന്നെ രണ്ട് ആംബുലന്‍സില്‍ ആറ് ഉപകരണങ്ങള്‍ വയനാട്ടിലെ ഈങ്ങാപ്പുഴയിലേക്ക് കടത്തുകയായിരുന്നു. ബാക്കി മൂന്നു ഉപകരണങ്ങള്‍ ഞായറാഴ്ച പകല്‍ 11 ന് ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി.

ഞായറാഴ്ച പിക്കപ്പ് വാനില്‍ ഉപകരണങ്ങള്‍ കയറ്റുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച തിരൂര്‍ തുഞ്ചന്‍ വിഷന്‍ ക്യാമറാമാന്‍ റഫീഖ് ബാവയെ കരാറുകാരന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാരരെത്തുന്നതു കണ്ട് ഉടന്‍ വാഹനവുമായി ഇവര്‍ കടന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഉപകരണങ്ങള്‍ കടത്തിയതായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എംപി, എംഎല്‍എ, ത്രിതല പഞ്ചായത്തുകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും 1.25 കോടി രൂപ സ്വരൂപിച്ചാണ് ജില്ലാ ആശുപത്രിയില്‍ യൂണിറ്റ് തുടങ്ങിയത്. ജര്‍മ്മനിയില്‍ നിന്നും സ്വകാര്യ ഏജന്‍സികള്‍ മുഖേനയാണ് ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കേന്ദ്ര മന്ത്രിയെകൊണ്ട് ഉദ്ഘാടനവും നടത്തി. ഒക്‌ടോബര്‍ പത്തു മുതലേ ഇവിടെ പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം നടക്കുവെന്നാണ് അധികൃതര്‍ പറഞ്ഞത്.