നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

images (1)ദില്ലി : ലോകമനസാക്ഷിയെ ഞെട്ടിച്ച ദില്ലി കൂട്ട ബലാത്സംഗം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. 2012 ഡിസംബര്‍ 16 ന് രാത്രി സുഹൃത്ത് അവനീന്ദ്ര പാണ്‌ഡെക്കൊപ്പം സിനിമ കണ്ട് തിരിച്ചു വരവെ ഓടികൊണ്ടിരുന്ന ബസില്‍ വെച്ചാണ് നിര്‍ഭയ എന്ന 23 കാരി കൂട്ട ബലാത്സംഗത്തിനിരയായത്.

ബസില്‍ ഉണ്ടായിരുന്ന 6 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബസ്സിനുള്ളില്‍ വെച്ച് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സുഹൃത്തിനെയും ആക്രമിച്ച സംഘം യുവതിയെ ഇരുമ്പു കമ്പി ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ച ശേഷം റോഡിലേക്ക് തള്ളുകയായിരുന്നു. 13 ദിവസം മരണത്തോട് മല്ലടിച്ച് ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് ആ പെണ്‍കുട്ടി മരിച്ചത്.

നിര്‍ഭയയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്ത്രീസുരക്ഷക്കായി ജനങ്ങള്‍ തെരുവിലിറങ്ങി. സംഭവത്തിന് ശേഷം പിടിയിലായ പ്രതികളില്‍ ഒരാള്‍ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചു. 9 മാസത്തെ വിചാരണക്ക് ശേഷം
സെപ്റ്റംബറില്‍ പ്രതികളായ അക്ഷയ് ഠാക്കൂര്‍, ബിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവര്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഒരു പ്രതിക്ക് ശിക്ഷയില്‍ ഇളവു ലഭിച്ചു.

അതേ സമയം തങ്ങള്‍ക്ക് ഇതുവരെ പൂര്‍ണ്ണ നീതി ലഭിച്ചിട്ടില്ലെന്നും ജുവനൈല്‍ പ്രതി ഉള്‍പ്പെടെ എല്ലാവര്‍ക്കും ശിക്ഷ ലഭിച്ചെങ്കില്‍ മാത്രമേ തങ്ങളുടെ മനസ്സിന് സ്വസ്ഥത ലഭിക്കുയൊള്ളൂ എന്നും തങ്ങളക്ക് സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റുകയൊള്ളു എന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം യുവതിക്കൊപ്പം ആക്രമിക്കപ്പെട്ട അവനീന്ദ്ര പാണ്‌ഡൈ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെയും മുക്തനായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കും വധ ശിക്ഷ തന്നെ നല്‍കണമെന്നാണ് അവനീന്ദ്ര പാണ്‌ഡെയും പറയുന്നത്.