ദില്ലി കൂട്ടബലാല്‍സംഗം; പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

delhi-gang-rape-convictsദില്ലി: ദില്ലി കൂട്ടബലാല്‍സംഗ കേസിലെ നാലു പ്രതികളുടെ വധശിക്ഷ ദില്ലി ഹൈക്കോടതി ശരിവെച്ചു. കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെ ശിക്ഷയാണ് കോടതി ശരിവെച്ചത്.

രാജ്യമൊട്ടുക്ക് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച ഈ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് പ്രതികളുടെ വധശിക്ഷ ശരിവെച്ചുകൊണ്ട് കോടതി പറഞ്ഞു. നാലുപ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസിലെ അഞ്ചാം പ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാം സിങ്ങിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആറാം പ്രതിയ്ക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ജുവനൈല്‍ കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

2012 ഡിസംബര്‍ 16 നായിരുന്നു ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് 23 കാരി ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായത്. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയും അവിടെ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.