ഡല്‍ഹിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Delhi-Electionദില്ലി : ത്രികോണ മല്‍സരം നടക്കുന്ന ഡല്‍ഹിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വിവിധ പോളിങ്ബൂത്തുകളിലേക്ക് പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. ഒരു കോടി 12 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ ഡല്‍ഹിയില്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുക.

70 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 810 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 11,998 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 45 എണ്ണം മാതൃകാ സ്റ്റേഷനുകളാണ്. 139 പോളിങ് സ്റ്റേഷനുകള്‍ അതീവ ജാഗ്രതാ പട്ടികയിലും 543 എണ്ണം ജാഗ്രതാ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14 വേട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. സുരക്ഷ കണക്കിലെടുത്ത് 35,000 ത്തോളം പോലീസിനെയും 18,000 ത്തോളം ഹേം ഗാര്‍ഡിനെയും നിയോഗിച്ചിട്ടുണ്ട്.

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ദ്ധന്‍ കൃഷ്ണനഗര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മല്‍സരത്തില്‍ പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും തെല്ലും ആശങ്കയില്ലെന്നും മുഖ്യമന്ത്രി ഷീലാദീക്ഷിത് പറഞ്ഞു. നഗരപാലികാ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ കെജരിവാള്‍ തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ട് ചെയ്യണമെന്നും വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.