എ ബി ബര്‍ദന്‍ അന്തരിച്ചു;മൃതദേഹം ഇന്ന്‌ പൊതുദര്‍ശനത്തിന്‌ വെക്കും;സംസ്‌ക്കാരം നാളെ

big_a-b-bardhanദില്ലി: ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ്‌ എ ബി ബര്‍ദന്റെ ശവസംസ്‌ക്കാരം നാളെ നടക്കും. മുൃതദേഹം ഇന്ന്‌ ദില്ലിയില്‍ പൊതുദര്‍ശനത്തിന്‌ വെക്കും. രാവിലെ 11 മണി മുതല്‍ സിപിഐ ആസ്ഥാനമായ അജോയ്‌ ഭവനിലാണ്‌ പൊതുദര്‍ശനത്തിന്‌ വെക്കുന്നത്‌. നാളെ നിഗംബോധ്‌ ഘട്ടിലാണ്‌ സംസ്‌ക്കാര നടക്കുക.

പക്ഷാഘാതത്തെ തുടര്‍ന്ന്‌ കഴിഞ്ഞ കുറച്ച്‌ നാളുകളായി ദില്ലിയിലെ ജിബി പന്ത്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു എ ബി ബര്‍ദാന്‍. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. ബര്‍ദാന്റെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗന്ധിയും അനുശോചനം രേഖപ്പെടുത്തി.

നേരത്തെ മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന്‌ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിരുന്നു. എ ബി ബര്‍ദാന്റെ നിര്യാണത്തോടെ ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ഒരു യുഗത്തിനാണ്‌ തിരശ്ശീല വീണിരിക്കുന്നത്‌.

അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ ബി ബര്‍ദന്‍ 1924 സെപ്‌തംബര്‍ 24 ന്‌ നാഗ്‌പൂരില്‍ ജനിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 1957 ല്‍ ജയിച്ചു. നാഗ്‌പൂരില്‍ നിന്ന്‌ 1967 ലും 1980 ലും ലോക്‌സഭയിലേക്ക്‌ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 ല്‍ സിപിഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രജിത്ത്‌ ഗുപ്‌തയ്‌ക്ക്‌ ശേഷം 1996 ല്‍ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.