13 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു;4 പേര്‍ക്ക് ക്യാബിനെറ്റ് പദവി

ദില്ലി:കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. മന്ത്രിസഭയില്‍ അംഗമായിരുന്ന നാലു സഹമന്ത്രിമാര്‍ക്ക്  ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം നല്‍കിയത് ഉള്‍പ്പെടെ പതിമൂന്ന് മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിഞ്ജ ചെയ്തു.  രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു.

സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാദ്, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണു ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായത്.  കേരളത്തില്‍നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനവും മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. കണ്ണന്താനത്തിന് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ അര്‍ഹിച്ച പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശിവസേന സത്യപ്രതിഞ്ജ ചടങ്ങുകള്‍ ബഹിഷ്ക്കരിച്ചു.

അശ്വനി കുമാര്‍ ചൌബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ള (ഉത്തര്‍പദേശ്), ഡോ. വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യാഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍.

ബിഹാറില്‍ നിന്നുള്ള 64 കാരനായ അശ്വനികുമാര്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവാണ്. മധ്യപ്രദേശില്‍ നിന്നുള്ള വിരേന്ദ്രകുമാര്‍ ആറുവട്ടം ലോക്സഭാംഗമായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നഒള്ള ശിവപ്രതാപ് ശുക്ള മുന്‍പ് ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള അനന്ത്കുമാര്‍ ഹെഗ്ഡേ അഞ്ചാം തവണയാണ് ലോക് സഭാംഗമാവുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സത്യപാല്‍ സിങ്ങ് 1980 ബാച്ച് ഐഎഎസുകാരനാണ്. മുംബൈ പൊലീസ് കമീഷണറായിരുന്നു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗജേന്ദ്രസിങ്ങ് ഷെഖാവത്ത്. 1974 ബാച്ച് ഐഎഫ്എസുകാരനാണ് ഹര്‍ദീപ് സിങ്ങ് പുരി. നിരവധി വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധിയായിട്ടുണ്ട്. 1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ബിഹാറില്‍ നിന്നുള്ള രാജ്കുമാര്‍ സിങ്ങ്. 1979 കേരള ബാച്ച് ഉദ്യോഗസ്ഥനായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം.