ബിരുദ സീറ്റ് വര്‍ദ്ധനവ്;കാലിക്കറ്റ് സിന്‍ഡിക്കേറ്റ് മലപ്പുറത്തെ അവഗണിക്കുന്നു;പി അബ്ദുള്‍ ഹമീദ് എംഎല്‍എ

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിൽ ബിരുദ സീറ്റുകൾ വർദ്ധിപ്പിക്കാത്ത കാലിക്കറ്റ് സിൻഡിക്കേറ്റ് അധികൃതരുടെ  നടപടി വിദ്യാർഥികളോടും സാധാരണക്കാരായ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് പി.അബ്ദുൽഹമീദ് എം .എൽ .എ.വാർത്താകുറിപ്പിൽ അറിയിച്ചു.  രഹസ്യ അജണ്ടയുടെ ഭാഗമാണ് ജില്ലയിലെ പാവപ്പെട്ട വിദ്യാർഥികളുടെ ഉപരിപഠന സാധ്യത ഇല്ലാതാക്കുന്നതിലൂടെ സിൻഡിക്കേറ്റ് ലക്ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞസിൻഡിക്കേറ്റിൽ ജില്ലാ ഇൻസ്പെക്ഷൻ കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ 20 ശതമാനവും മറ്റു ജില്ലകളിൽ പത്തും അതിൽ താഴെയും സീറ്റുകൾ നൽകി. മലപ്പുറം ജില്ലയിൽ അഞ്ച് ശതമാനവും അതിൽ താഴെയും സീറ്റ് മാത്രമാണ് നൽകിയത്. മലപ്പുറംജില്ലയോട് നിഷേധാത്മകവും വിവേചനവുമായ നിലപാട് സ്വീകരിക്കുന്നുവെന്നതിന് തെളിവാണിത്. ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടും മലപ്പുറം ജില്ലയിലെ പല കോളജുകൾക്കും കോഴ്സ് അനുവദിച്ചില്ല. സൗകര്യക്കുറവിന്റെ പേര് പറഞ്ഞു മലപ്പുറത്തെ അവഗണിച്ചു. പട്ടിക്കാട് എൻജിനീയറിംഗ് കോളജിൽ ആർകിടെക്ചർ കോളജിന് അപേക്ഷ നൽകിയിരുന്നു. നിയമം അനുശാസിക്കുന്ന എല്ലാ സൗകര്യങ്ങളുണ്ടായിട്ടും സിൻഡിക്കേറ്റ് പരിഗണിച്ചില്ല.

പതിനായിരക്കണക്കി ന് വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ കോളജിൽ അഡ്മിഷൻ ലഭിക്കാതെ വലയുമ്പോഴാണ്  സിൻഡിക്കേറ്റ് വിവേചനം കാണിക്കുന്നത്. സിൻഡിക്കേറ്റ് ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിനെ ബഹുജന പ്രതിഷേധം ഉയർത്തി കൊണ്ട് വരുമെന്നും എം. എൽ .എ പറഞ്ഞു.സീറ്റ് വർദ്ധനവ് നൽകാതെ ജില്ലയോടുള്ള  അവഗണന സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും എം എൽ എ അറിയിച്ചു.

Related Articles