കെ സാദിരിക്കോയ അന്തരിച്ചു.

03096_546590കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവും പത്രവര്‍ത്തകനുമായിരുന്ന കെ.സാദിരിക്കോയ(80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30 ഓടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഖബറടക്കം ഞായറാഴിച വൈകീട്ട് 4 ന് പുതിയങ്ങാടി കോയാറോഡ് ജുമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.

കെ പിസിസി നിര്‍ാവാഹസമിതി അംഗം, ഇന്ത്യന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍സിപി ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഇരുപത്തിയാറുവര്‍ഷത്തോളം വിവിധ പത്രങ്ങളില്‍ പത്രവര്‍ത്തകനായിരുന്നു. നഗരസഭാ കൗണ്‍സിലര്‍, ജില്ലാ കൗണ്‍സിലര്‍, മോട്ടോര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുതിയങ്ങാടി കൂട്ടുങ്ങല്‍ തറവാട്ടിലെ പരേതയായ കെ പി അഹമ്മദ് കോയയുടെയും ഇമ്പിച്ചാമിനബിയുടെയും മകനാണ്. ഭാര്യ : പിഎം ബീബി. മക്കള്‍:പി എം എ നാസര്‍, പിഎം മുഹമ്മദ് നജീബ്, അഡ്വ.പിഎം നിയാസ്, പി എം ഷക്കീല, പി എം ഷാജിന. മരുമക്കള്‍:കെഎം റഷദാബീഗം, പി സീനത്ത് നജീബ്, ഹസ്‌ന നിയാസ്, കെ എം ഹനീഫ, ഇബ്രാഹിം എം എ.