Section

malabari-logo-mobile

മരണം ഏകാന്തയെഴുതുന്നു

HIGHLIGHTS : കൗമാരം വിടപറയുന്ന, യൗവനത്തിന്റെ ആഗ്നേയ വസന്തത്തിലേക്ക് മൊട്ടിട്ടുതുടങ്ങുന്ന കാലം. അന്ന് 'ആശയവിസ്‌ഫോടനങ്ങള്‍'നടത്തി തെരുതെരെ എഴുതിയ എഴുത്തുകളെ രണ്ടാ...

download (3)കൗമാരം വിടപറയുന്ന, യൗവനത്തിന്റെ ആഗ്നേയ വസന്തത്തിലേക്ക് മൊട്ടിട്ടുതുടങ്ങുന്ന കാലം. അന്ന് ‘ആശയവിസ്‌ഫോടനങ്ങള്‍’നടത്തി തെരുതെരെ എഴുതിയ എഴുത്തുകളെ രണ്ടായി തിരിക്കാം. ഒന്ന് അന്തമില്ലാത്ത ചിന്താ ഭ്രാന്തിന്റെ പരപ്പിലേക്കും രണ്ടാമത്തേത് പ്രണയഭ്രാന്തിന്റെ ഭാസുരതയിലേക്കും തുറക്കുന്ന ഹൃദയങ്ങള്‍.

ചിന്താഭ്രാന്തിന്റെ എഴുത്തുകള്‍ ‘കേണല്‍ അറിലിനിയാനോ ബുവാണ്ടിയയുടെ നാമത്തി’ലും പ്രണയഭ്രാന്തുകള്‍ ‘ഫ്‌ളോറന്റിനോ അരിസോയുടെ നാമത്തി’ലും തുടങ്ങി.
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസിന്റെ ‘ഏകാന്തതയുടെ ഒരുനൂറുവര്‍ഷങ്ങളി’ലെ നായകന്‍ ബുവാണ്ടിയയും ‘കോളറക്കാലത്തെ പ്രണയ’ത്തിലെ നായകന്‍ ഫ്‌ളോറന്റിനോ അരിസോയും. വളരെ സ്വാഭാവികമായ ഒന്നായിട്ടല്ലാതെ അതിനെ ഇന്നും പറയാനാവില്ല.
മാര്‍ക്വിസ് ഇന്നത്തെപ്പോലെ അപരിചിതനായിരുന്നില്ല(ല്ലോ) അന്ന്. കാമ്പസിന്റെ എഴുത്ത്/ബുദ്ധിജീവി വട്ടങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ വൃത്ത-വൃത്താന്തങ്ങളില്‍പ്പോലും മാര്‍ക്വിസിനെ പരാമര്‍ശിക്കുന്നതായിരുന്നു അന്ന് ആഭിജാത്യവും അറിവും ഒന്നത്യവും. അതൊരു സാംസ്‌കാരിക ജീവിതത്തിന്റേകൂടി അടയാളമായിരുന്നു.
എം.ടി. വാസുദേവന്‍ നായരാണ്, മറ്റുപലര്‍ക്കുമെന്നതുപോലെ അന്നത്തെ ‘ന്യൂ ജനറേഷ’നും മാര്‍ക്വിസിനെയും ഏകാന്തതയുടെ ഒരുനൂറു വര്‍ഷങ്ങളെയും പരിചയപ്പെടുത്തുന്നത്. ‘ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ വായിച്ച ഏറ്റവും നല്ല പുസ്തകം’ എന്ന് എം.ടി വിശേഷിപ്പിച്ചകാലത്ത് ആ ‘ഏകാന്തതക്ക്’ മലയാളഭാഷ്യം ഇറങ്ങിയിട്ടില്ല. അതിന്റെ കെടുതിയും തെല്ലൊന്നുമായിരുന്നില്ല. ഏറെ കഴിഞ്ഞു മലയാളിയുടെ ഒരാസ്വാദനതലത്തില്‍നിന്ന് ഏകാന്തതയുടെ ഒരുനൂറുവര്‍ഷങ്ങളെ വായിച്ചെടുക്കാന്‍. ഉറക്കം മാറ്റിവെച്ച് കുടിച്ചുവറ്റിച്ച്, വീര്‍ത്ത കണ്‍പോളകളോടെ, വായിച്ചു, ഏകാന്തതയെന്ന അഹന്തയോടെയെങ്കിലും തലയിലുറക്കാത്ത ഭാരവുമായി ഭൂമിയിലേക്ക് കാലൂന്നിയതിന്റെ ആ ഉറക്കായ്കക്കും വല്ലാത്തൊരസ്വസ്ഥ സുഖമായിരുന്നു.
‘ഇതേത് പൂര്‍വ്വജന്മപുനഃസ്മൃതി’യെന്ന് ഹൃദയംമുറിഞ്ഞ മധുരസൗഖ്യത്തോടെ ‘മെക്കാണ്ടോ’ തേടിനടന്നകാലം.
മാര്‍ക്വിസ് പിന്നെപ്പിന്നെ ഒരൊഴിയാബാധയായി. മാര്‍ക്വിസിന്റെ എഴുത്തുകളും.
അന്ന് ലാറ്റിനമേരിക്ക ഒരയല്‍ രാജ്യമായിരുന്നു. നെരൂദയും ഒക്‌ടോവിയപാസും പ്രിയപ്പെട്ട മാര്‍ക്വിസും ബഷീറിനെപ്പോലെ, വൈലോപ്പിള്ളിയെപ്പോലെ സുപരിതരും.
ലാറ്റിനമേരിക്കയുടെ പ്രത്യേകിച്ചും മാര്‍ക്വിസിന്റെ മാന്ത്രികതയും ഭ്രമാത്മകതയും (മാജിക്കല്‍ റിയലിസം) അത്രമാത്രം അത്ഭുതമുണ്ടാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം,
”ഞാനൊരു വരിപോലും ഭാവനാത്മകമായി എഴുതിയിട്ടില്ല. നിങ്ങള്‍ക്ക് കരീബിന്‍ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി അറിയാത്തതുകൊണ്ടാണെ”ന്ന് മാര്‍ക്വിസ് തന്നെ പറഞ്ഞതുപോലെ മലയാളിക്ക്, പ്രത്യേകിച്ച് മലബാറിക്കുമുണ്ടല്ലോ ജിന്നും ശെയ്ത്താനും ഇഫ്‌രീത്തും ഒടിയനുമെല്ലാം ഇടകലര്‍ന്നൊരു ഭ്രമാത്മകതയുടെ ലോകവും ജീവിതവും. പക്ഷേ എന്നിട്ടും മാര്‍ക്വിസ്, ബഷീറിനേക്കാള്‍, പൊറ്റേക്കാട്ടിനേക്കാള്‍ പ്രിയങ്കരനായതെങ്ങനെയെന്നതിന്, ‘എന്തേ എന്നെയിങ്ങനെ ഇഷ്ടപ്പെടാനെ’ന്ന അവളുടെ ചോദ്യത്തിന് ‘അറിയില്ലെനിക്ക്. നിന്നെത്തേടുകയായിരുന്നിരിക്കണം ഞാനിതുവരെ എന്നല്ലാതെ.’ എന്ന ആ പഴയ മറുപടിതന്നെ പറഞ്ഞാല്‍ മതിയാകുമോ, ആവോ? അല്ലെങ്കില്‍ ചില ഇഷ്ടങ്ങളും മറ്റൊരു മാജിക്കല്‍ റിയലിസമാണല്ലോ. ആ പ്രിയത്വമാണ് കഥമറന്നും കോശപശിമയില്‍ വ്രണിതനായും നിഗൂഢമായി ചിരിച്ചുനിന്ന മാര്‍ക്വിസിനായി ഒരു സായാഹ്നം നിറയെ മുട്ടിപ്പായി പ്രാര്‍ത്ഥനകള്‍ അയച്ചുകൊടുക്കാന്‍ നമ്മളെയും പ്രേരിപ്പിച്ചത്.

sameeksha-malabarinews

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസിന്റെ കഥകളില്‍നിന്ന് ഇറങ്ങിവരികയായിരുന്നോ അതോ ആ കഥകളിലേക്ക് കയറിപ്പോവുകയായിരുന്നോ എന്ന് വകതിരിവില്ലാതെ നില്‍ക്കുമ്പോഴും അരക്കറ്റാക്കയും മെക്കാണ്ടോ ഗ്രാമവും ഇവിടെയായിരുന്നു. ആ വാഴത്തോട്ടങ്ങളും റെയില്‍പ്പാളങ്ങളും തീവണ്ടിയും മഞ്ഞവേനലുമെല്ലാം ഇവിടെത്തന്നെയുണ്ടായിരുന്നു. അങ്ങനെ മെക്കണ്ടോ കണ്ടെടുക്കുന്ന കാലത്താണ് ഇംഗ്ലീഷുകാരനായ ഡാന്‍വെല്‍ഡന്‍ ‘മൈ മെക്കാണ്ടോ’ എന്നൊരു ചലച്ചിത്രവുമായി, ആ ഏകാന്തതയുടെ നേര്‍ഭൂമിയുമായി ഇവിടെയും വന്നത്. അപ്പോഴേക്കും കൂടുതല്‍ക്കൂടുതല്‍ ‘മാര്‍ക്വിസുകാരാ’വുകയായിരുന്നല്ലോ.
പിന്നെ മറവിക്ക് കീഴടങ്ങുമെന്ന് പേടിച്ച മാര്‍ക്വിസിന്റെ മനസ്സിനെക്കുറിച്ചോര്‍ത്ത് മനംനൊന്തവര്‍…
ഇപ്പോള്‍ മാര്‍ക്വിസ് മരിച്ചിരിക്കുന്നൂവെന്ന്!
എങ്ങനെ മരിക്കുമെന്ന്, എങ്ങനെ മരിക്കാനാകും മാര്‍ക്വിസിനെന്ന് ചോദിച്ചാല്‍പ്പോലും അതിനെ എങ്ങനെയാണ് അത്ഭുതവും അതിശയവുമായി നേരിടുക? കാരണം മാര്‍ക്വിസ് ഒരിക്കലും മരിക്കുന്നില്ലല്ലോ. എങ്കിലും…
l
മാര്‍ക്വിസിന്റെ കാലത്ത് ഞാനും ജീവിച്ചൂവെന്ന്,
മാര്‍ക്വിസ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനെന്ന്
മാര്‍ക്വിസ് ഉറങ്ങുമ്പോള്‍ ഞാനിപ്പുറം ഉണര്‍ന്നിരുന്നൂവെന്ന് ഒരനുപമനിര്‍വൃതിയോടെ ആശ്വസിക്കാന്‍ ശ്രമിച്ചാലും ഉള്ളില്‍, പുറത്തേക്കറിയാവുന്നവിധംതന്നെ, ഉള്ളിന്റെയുള്ളില്‍ വിങ്ങുന്നുണ്ട്, ഭൂമിയുടെ ഏകാന്തതകള്‍ ഏഴുതിത്തീര്‍ന്ന് മരണത്തിന്റെ ഏകാന്തതയിലേക്ക് പോയ മാര്‍ക്വിസ് എഴുതുന്നതൊന്നും ഇനി വായിക്കാനാവില്ലെന്ന്, വെറുതെ ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് ഇനി മാര്‍ക്വിസില്ലെന്നും ഇനിയൊരു മാജിക്കല്‍ റിയലിസത്തിനും മാര്‍ക്വിസിനെ ഉണര്‍ത്താനാവില്ലെന്നും ഉള്ളിലെ പറയാത്ത കഥകള്‍ക്കിനി പുനര്‍ജന്മമില്ലെന്നും ആ വിങ്ങല്‍ പറയുന്നുണ്ട്.
അന്നെന്ന പോലെ ഞാന്‍ നില്‍ക്കുന്ന ഈ ഭൂമിയുടെ ചുവട്ടില്‍ മാര്‍ക്വിസ് ഉണ്ടെന്ന് കരുതിയാലും ഏകാന്തതയുടെ ആ വിങ്ങല്‍ തീരുന്നില്ല. കാരണം,
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസ് മരിച്ചു’പോയിരിക്കുന്നു.’
l

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!