മിഷേലിന്റെ മരണത്തില്‍ ബന്ധുവിനെ അറസ്റ്റ് ചെയ്തു

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേലി (18)ന്റെ മൃതദേഹം കായലില്‍ കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാരനായ യുവാവ് അറസ്റ്റില്‍. മിഷേലിന്റെ അകന്ന ബന്ധുവായ പിറവം പാലച്ചുവട് ഇടപ്പിള്ളിച്ചിറ മോളേല്‍ ക്രോണിന്‍ അലക്സാണ്ടര്‍ ബേബി (26)യെ യാണ് സെന്‍ട്രല്‍ സിഐ എ അനന്തലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പൊലീസ് കേസെടുത്തു.

പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഇയാളുണ്ടാക്കിയ മാനസികസമ്മര്‍ദംമൂലം  ആത്മഹത്യചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. പിറവം ബിപിസി കോളേജിലെ കെഎസ്യു പ്രവര്‍ത്തകനായിരുന്ന ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തലശേരിക്കാരനായ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ടുവര്‍ഷമായി മിഷേലും ക്രോണിനും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, അവസാനനാളുകളില്‍ പെണ്‍കുട്ടി ഇയാളില്‍നിന്ന് അകലാന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും പലപ്രാവശ്യം വഴക്കിട്ടിരുന്നുവെന്ന് ക്രോണിന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച മിഷേലിന്റെ ഫോണിലേക്ക് ഇയാള്‍ ആറുതവണ വിളിച്ചിട്ടുണ്ട്. 32 സന്ദേശങ്ങളും അയച്ചു.

മുമ്പൊരിക്കല്‍ കലൂര്‍ പള്ളിയില്‍വന്നു തിരിച്ചുപോയപ്പോള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. മിഷേലിന്റെ സുഹൃത്തിനെയും ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.  ഛത്തീസ്ഗഢിലെ സ്ഥാപനത്തില്‍ ജോലിക്കാരനാണ് ക്രോണിന്‍. അവിടെനിന്നു വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിറവം പെരിയപ്പുറം എണ്ണായ്ക്കാപ്പിള്ളില്‍ ഷാജിയുടെ മകള്‍ മിഷേലിനെ (18) എറണാകുളം വാര്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.