ഡിബി കോളേജില്‍ പെണ്‍കുട്ടിയെ ബൈക്കിടിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഡിബി കോളേജ്‌ ക്യാമ്പസില്‍ വെച്ച്‌ പെണ്‍കുട്ടിയെ ബൈക്കിടിച്ച്‌ കേസില്‍ ബൈക്ക്‌ ഓടിച്ചയാള്‍ അറസ്റ്റില്‍. ഹരികുമാര്‍ എന്നയാളാണ്‌ പോലീസ്‌ കസ്‌റ്റഡിയിലായത്‌. സുഹൃത്തിനെ കൊണ്ടുവിടാന്‍ കോളേജിലെത്തിയപ്പോഴാണ്‌ അപകടം സംഭവിച്ചതെന്ന്‌ ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.

ബൈക്ക്‌ തട്ടിയ സയന എന്ന പെണ്‍കുട്ടിയെ തനിക്ക്‌ മുന്‍പരിചയമില്ലെന്നും യാദൃശ്ചികമായാണ്‌ അപകടം സംഭവിച്ചതെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

കോളേജിലെ സെക്യൂരിറ്റി ഗേറ്റിന്‌ സമീപം വെച്ച്‌ ചൊവ്വാഴ്‌ച വൈകീട്ടാണ്‌ അപകടം സംഭവിച്ചത്‌. ബൈക്കിടിച്ചതിനെ തുടര്‍ന്ന്‌ സയന തലയിടിച്ച്‌ വീഴുകയായിരുന്നു. ബൈക്ക്‌ ഇടിച്ചയുടനെ ഇടിച്ചയാള്‍ കടന്നു കളയുകയായിരുന്നു. ഇയാള്‍ ആരെയോ തിരിഞ്ഞുനോക്കി ബൈക്ക്‌ ഒടിച്ചതാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. അപകടം നടന്ന ഉടന്‍ തന്നെ സയനയെ അധ്യാപകരും വിദ്യാര്‍ത്ഥികളരും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചു.

ഓണാഘോഷത്തിനിടെ സി ഇ ടി എന്‍ജിനിയറിംഗ്‌ കോളേജില്‍ വിദ്യാര്‍ത്ഥി വാഹനമിടിച്ച്‌ മരിച്ച സംഭവത്തിനു ശേഷം ക്യാമ്പസുകളില്‍ ഒമ്പത്‌ മണിക്ക്‌ ശേഷം വാഹനങ്ങള്‍ കയറ്റരുതെന്നും ആഘോഷപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വെച്ചിരുന്നു.