ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

david cameronലണ്ടന്‍: ഡേവിഡ് കാമറൂണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ സ്വന്തം ജനത തന്നെ വിധിയെഴുതിയ സാഹചര്യത്തിലാണ് ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപിച്ചെങ്കിലും മൂന്ന് മാസംകൂടി കാമറൂണ്‍ തല്‍സ്ഥാനത്ത് തുടരും. ഹിതപരിശോധനാ ഫലം പ്രതികൂലമായാല്‍ കാമറൂണ്‍ രാജി വെച്ചേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഇന്നലെ നടന്ന ഹിതപരിശോധനയില്‍ ‘വോട്ട് ചെയ്ത് പുറത്ത് പോകൂ’ എന്ന മുദ്രാവാക്യത്തിന് അനുകൂലമായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്യുകയായിരുന്നു. ഇതോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ പുറത്തുപോകല്‍ അനിവാര്യമായത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച് 51.8 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍.