ന്യൂനമര്‍ദ്ദം കേരള തീരത്തോട് അടുക്കുന്നു

തിരുവനന്തപുരം: കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികള്‍ മാര്‍ച്ച് 15 വരെ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ന്യൂനമര്‍ദം വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമാകുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്.

നിലവില്‍ ഇത് തിരുവനന്തപുരത്തിന് 390 കി.മീ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. കടലിനുള്ളില്‍ കാറ്റിന്റെ വേഗത 65 കി.മീ വരെയും, തിരമാല സാധാരണയില്‍ നിന്നും 2.5 – 3.8 മീറ്റര്‍ വരെയും ഉയര്‍ന്നേക്കും.
തെക്കന്‍ കേരളത്തില്‍ മാര്‍ച്ച് 15 വരെ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു.