ഖത്തറില്‍ ഓണ്‍ലൈനില്‍ കളിയാക്കിയാല്‍ പണികിട്ടും

Untitled-1 copyദോഹ: ഓണ്‍ലൈന്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതോടെ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം രംഗത്ത്‌. ഫേസ്‌ബുക്കിലൂടെയോ, ട്വിറ്ററിലൂടെയോ, ഇമെയില്‍ വഴിയോ മറ്റുള്ളവരെ പരിഹസിക്കുകയോ കളിയാക്കുകയോ അപമാനിക്കുകയോ ചെയ്‌താല്‍ ഖത്തര്‍ സൈബര്‍ ക്രൈം നിയമപ്രകാരം പോലീസ്‌ കേസെടുക്കും. ഇതിനുപുറമെ മറ്റൊരാളുടെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യുകയോ അനുവാവദമില്ലാതെ സമൂഹമാധ്യമങ്ങളില്‍ നിന്ന്‌ ഫോട്ടോകള്‍ എടുക്കുകയോ പോസ്‌റ്റ്‌ ചെയ്യുകയോ ചെയ്യുന്നതും കുറ്റകരമാണ്‌. പരാതിക്കാരന്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ഹാജരാക്കിയാല്‍ മതി.

ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ തെളിയിക്കപ്പെട്ടാല്‍ ഒരുവര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും അടക്കേണ്ടി വരുമെന്ന്‌ ആഭ്യനന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോണ്‍ വഴിയുള്ള അപവാദം, മെസേജ്ജ്‌ വഴിയും വാട്‌സ്‌ ആപ്പ്‌ വഴിയുള്ള പരിഹാസങ്ങള്‍, മറ്റ്‌ നവമാധ്യമങ്ങള്‍ വഴിയുള്ള കമന്റുകളും ഈ നിയമത്തിന്റെ പിരധിയില്‍ വരും. ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മിക്ക സ്വകാര്യ മൊബൈല്‍ കമ്പനികളും സര്‍ക്കാരുമായി ധാരണയിലെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌.

ഖത്തര്‍ അമീര്‍ ഒരുവര്‍ഷം മുമ്പാണ്‌ ഈ നിയമത്തില്‍ ഒപ്പിട്ടതെങ്കിലും സൈബര്‍ കുറ്റങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്‌ ഈ നിയമം വീണ്ടും കര്‍ശനമായി നപ്പിലാക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്‌.