സൈബര്‍ ആക്രമണങ്ങളുടെ പുതിയ ഇര ഖത്തര്‍

Untitled-1 copyദോഹ: ആഗോള രംഗത്തെ പുതിയ സാമ്പത്തിക ശക്തികളിലൊന്നായി ഖത്തറിന്റെ വളര്‍ച്ച പുതിയ ശത്രുക്കളെയും സമ്മാനിച്ചിരിക്കുന്നു. സൈബര്‍ ആക്രമണങ്ങളുടെ പുതിയ ഇര ഖത്തറാണെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യത്തെ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ്‌ ഇതിനു കാരണമെന്നാണ്‌ റിപ്പോര്‍ട്ട്‌.

കഴിഞ്ഞവര്‍ഷം രാജ്യത്ത്‌ ഇന്റര്‍നെറ്റ്‌ വഴിയുള്ള നിരവധി കുറ്റ കൃത്യങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 2014 മാത്രം രണ്ടായിരത്തോളം സൈബര്‍ ആക്രമണങ്ങള്‍ നടന്നു വെന്നാണ്‌ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പരമ്പാരാഗത രീതിയില്‍ തുടര്‍ന്നു വരുന്ന സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങളെ തടയാന്‍ പര്യാപ്‌തമായിട്ടുള്ളവയല്ല. കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായിട്ടുള്ള ഖത്തര്‍ നാഷണല്‍ ബാങ്ക്‌ സൈബര്‍ ആക്രമണത്തിന്‌ വിധേയമാവുകയും ഇവിടുത്തെ ഒന്നര ജി.ബിയോളം വരുന്ന പ്രധാന ഡാറ്റകള്‍ ചോര്‍ത്തപ്പെടുകയും ചെയ്‌തിരുന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന അറബ്‌ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യക്കും തുര്‍ക്കിക്കും തൊട്ടു പിറകിലായാണ്‌ ഖത്തറിന്റെ സ്ഥാനമെന്നാണ്‌ സൈബര്‍ സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഐ എന്ന സംഘടന വ്യക്തമാക്കുന്നത്‌. അതെസമയം രാജ്യത്തിന്റെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്ന ഈ ആക്രമണങ്ങളെ ശക്തമായ രീതിയില്‍ നേരിടാനുള്ള ഒരുക്കം അധികൃതര്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്‌. സ്ഥാപനങ്ങളോടെല്ലാം തന്നെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞിട്ടുണ്ട്‌.