ക്രിക്കറ്റ്‌ താരം ഫില്‍സ്‌ ഹ്യൂഗ്‌സ്‌ അന്തരിച്ചു

hu-350x184കാന്‍ബറ: കളിക്കിടെ ഗുരുതരമായി പിരക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഫില്‍ ഹ്യൂഗ്‌സ്‌ (25) അന്തരിച്ചു. തലയ്‌ക്ക്‌ പരിക്കേറ്റ്‌ ഹ്യൂഗ്‌ സിഡ്‌നിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

സിഡ്‌നിയില്‍ നടന്ന ഷെഫീല്‍ഡ്‌ ഷീല്‍ഡ്‌ മത്സരത്തിനിടെ ന്യൂ സൗത്ത്‌ വെയില്‍സിനെതിരെ ബാറ്റ്‌ ചെയ്യുന്നതിനിടെയാണ്‌ ഹ്യൂഗ്‌സിന്‌ കഴിഞ്ഞ ചൊവ്വാഴ്‌ച അപകടമുണ്ടായത്‌. ബൗണ്‍സര്‍ ഹുക്ക്‌ ചെയ്യാന്‍ ശ്രമിച്ച ഹ്യൂഗ്‌സിന്റെ തലയിലാണ്‌ പന്ത്‌ കൊണ്ടത്‌. തല്‍ക്ഷണം ഹ്യൂഗ്‌സ്‌ പിച്ചില്‍ കുഴഞ്ഞ്‌ വീഴുകയായിരുന്നു. തുടര്‍ന്ന്‌ ഉടന്‍ തന്നെ ഹ്യൂഗ്‌സിനെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനാക്കുകയായിരുന്നു. പ്രഥമ പരിശോധനയില്‍ തന്നെ സ്ഥിതി മോശമാണെന്ന്‌ മനസിലായതിനെ തുടര്‍ന്ന്‌ ഉടന്‍ തന്നെ ഹെലികോപ്‌ടര്‍ മാര്‍ഗം സിഡിനിയിലെ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ ഹ്യൂഗ്‌സിന്റെ ജീവന്‍ നിലനിര്‍ത്തിയത്‌. ഓസ്‌ട്രേലിയക്ക്‌ വേണ്ടി 26 ടെസ്‌റ്റുകളിലും 25 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ഹ്യൂഗ്‌സ്‌ നാലായിരത്തിനടുത്ത്‌ അന്താരാഷ്ട്ര റണ്ണുകള്‍ നേടിയിട്ടുണ്ട്‌. ഓസീസ്‌ ടെസ്‌റ്റ്‌ ടീമിലേക്ക്‌ ഹ്യൂഗ്‌ മടങ്ങിയെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി നില്‍ക്കുന്ന സമയത്താണ്‌ ഹ്യൂഗിന്റെ അപകടം.