പരിക്ക്: യുഎഇക്കെതിരെ ഫാസ്റ്റ് ബൗളര്‍ ഷമി കളിക്കില്ല

images (3)പെര്‍ത്ത്: ലോകകപ്പില്‍ നാളെ യു എ ഇയെ നേരിടാന്‍ ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് തിരിച്ചടി. യു എ ഇക്കെതിരായ മത്സരത്തിന് മുമ്പായി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. ഇന്ത്യന്‍ ബൗളിംഗ് ലോകകപ്പില്‍ ഇതുവരെ ഉജ്വല പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ഷമിയാണ് ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിംഗിനെ നയിക്കുന്നത്.

കാലിലെ പരിക്കാണ് ഷമിക്ക് വില്ലനായിരിക്കുന്നത്. കഴിഞ്ഞ രണ്ട് കളികളിലായി 6 വിക്കറ്റുകള്‍ ഷമി വീഴ്ത്തിക്കഴിഞ്ഞു. പാകിസ്താനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച പ്രകടനം ആവര്‍ത്തിച്ചു. രണ്ട് വിക്കറ്റുകളാണ് ഷമി അവര്‍ക്കെതിരെ എടുത്തത്. ഭുവനേശ്വര്‍ കുമാര്‍ ഷമിക്ക് പകരം വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രണ്ട് കളിയില്‍ 6 വിക്കറ്റുകളാണ് ലോകകപ്പില്‍ ഷമി ഇതുവരെ വീഴ്ത്തിയത്. 17 ഓവര്‍ പന്തെറിഞ്ഞ ഷമി 65 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതില്‍ രണ്ട് മെയ്ഡന്‍ഓവറുകളും പെടും. 34 റണ്‍സിന് 4 വിക്കറ്റുകളാണ് മികച്ച പ്രകടനം. ലോകകപ്പില്‍ ഷമിയുടെ ഇക്കോണമി വെറും 3.82 മാത്രമാണ്. ശരാശരി 10.8. 140 ന് മേല്‍ വേഗതയും കണിശതയുമാണ് ഷമിയുടെ കരുത്ത്.

നിലവില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറാണ് 24 കാരനായ മുഹമ്മദ് ഷമി. 42 ഏകദിനത്തില്‍ നിന്നും 76 വിക്കറ്റുകള്‍ ഷമിയുടെ പേരിലുണ്ട്. ഷമി കളിക്കുന്നില്ലെങ്കില്‍ ഭുവനേശ്വര്‍ കുമാര്‍ ഉമേഷ് യാദവിനൊപ്പം ന്യൂബോള്‍ എടുക്കും. മോഹിത് ശര്‍മയാണ് ടീമിലെ മറ്റൊരു ഫാസ്റ്റ് ബൗളര്‍. കളിച്ച രണ്ട് കളികളും ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാണ്.